ഫാ: ടോമി അടാട്ട് (പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “സോൾട്ട് ഓഫ് ദി എർത്ത്” എന്ന ഓൺലൈൻ പ്രോഗ്രാമിന് ജൂലൈ 3 വെള്ളിയാഴ്ച ആരംഭം കുറിക്കുന്നു. ലോക്ഡൗൺ സമയങ്ങളിൽ വിശ്വാസസമൂഹത്തിന് ആത്മീയഉണർവേകുന്ന നിരവധി ഓൺലൈൻ പ്രോഗ്രാമുകൾ സമ്മാനിച്ച രൂപതയുടെ മീഡിയ കമ്മീഷന്റെ മറ്റൊരു സ്നേഹോപഹാരമാണ് “സോൾട്ട് ഓഫ് ദി എർത്ത്” എന്ന് കമ്മീഷൻ ചെയർമാൻ ഫാ. ടോമി എടാട്ട് പറഞ്ഞു.
ഈ ലോകത്തിൽ ജീവിച്ച് ക്രിസ്തുവിന് സാക്ഷ്യം നൽകി കടന്നുപോയ സഭയിലെ വിശുദ്ധരുടെ ജീവചരിത്രം കുട്ടികളേയും കുടുംബങ്ങളേയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജൂലൈ 3 ന് വൈകിട്ട് 8 മണിക്ക് ആരംഭം കുറിക്കുന്ന ഈ പ്രോഗ്രാം തുടർന്ന് എല്ലാ വെള്ളിയാഴ്ചകളിലും ഇതേ സമയം തന്നെ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ ഒദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യുന്നു.
ഓരോ എപ്പിസോഡിന്റേയും അവസാനം നൽകുന്ന 5 ചോദ്യങ്ങൾക്ക് ശരിയുത്തരം അയയ്ക്കുന്ന ആദ്യ വ്യക്തിക്ക് സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അതതു ദിവസത്തെ പ്രോഗ്രാമിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ നൽകുക. കുട്ടികൾക്കും മുതിർന്നവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ശരിയുത്തരം നൽകി വിജയിക്കുന്ന വ്യക്തിയെ അടുത്ത എപ്പിസോഡിൽ പ്രഖ്യാപിക്കുന്നതായിരിക്കും.. ഉത്തരങ്ങൾ 07438028860 എന്ന വാട്ട്സ്ആപ്പ് നമ്പരിലേക്ക് Answers 1,2,3,4 & 5, Full Name, Address എന്ന ഫോർമാറ്റിൽ അയയ്ക്കേണ്ടതാണ്.
പുതുതലമുറയുടെ വിശ്വാസജീവിതം വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ അവരെ വിശ്വാസത്തിൽ ആഴപ്പെടുത്തുവാനും സഭക്കും സമൂഹത്തിനും ഉതകുന്ന മാതൃകാ വ്യക്തികളായി വളർത്തിക്കൊണ്ടുവരുവാനും അങ്ങനെ ഭൂമിയുടെ ഉപ്പായി മാറുവാനും ഈ പ്രോഗ്രാം സഹായിക്കുമെന്ന് മീഡിയ കമ്മീഷൻ പ്രത്യാശ പ്രകടിപ്പിച്ചു.
“സോൾട്ട് ഓഫ് ദി എർത്ത്” പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 07448836131 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.
മീഡിയ കമ്മീഷൻ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല