സ്വന്തം ലേഖകൻ: മകൻ ആര്യൻ ഖാനെ ലഹരി കേസിൽ നിന്ന് ഒഴിവാക്കാൻ ബോളിവുഡ് താരം ഷാറൂഖ് ഖാനോട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി സി.ബി.ഐ. വാങ്കഡെക്കും മറ്റ് നാലുപേർക്കുമെതിരെ സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആറിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ സാക്ഷി കെ.പി. ഗോസാവിക്കൊപ്പമാണ് വാങ്കഡെ ഗൂഢാലോചന നടത്തിയത്. ഗോസാവിയാണ് ഷാറൂഖ് ഖാനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ചർച്ചയിൽ 18 കോടിക്ക് ധാരണയായെന്നും 50 ലക്ഷം അഡ്വാൻസ് ആയി വാങ്ങിയെന്നും എഫ്.ഐ.ആറിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വാങ്കഡെയുമായി ബന്ധമുള്ള 29 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
എൻ.സി.ബി മുൻ എസ്.പി വിശ്വ വിജയ് സിങ്, എൻ.സി.ബിയുടെ ഇന്റലിജൻസ് ഓഫിസർ ആശിഷ് രഞ്ജൻ, കെ.പി.ഗോസാവി, ഇയാളുടെ സഹായി സാൻവിൽ ഡിസൂസ എന്നിവർക്കെതിരായ എഫ്.ഐ.ആർ വെള്ളിയാഴ്ചയാണ് സമർപ്പിച്ചത്.
2021 ഒക്ടോബർ രണ്ടിന് ഗോവയിലേക്കുള്ള ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിലാണ് ആര്യൻ ഖാൻ അടക്കമുള്ളവർ പിടിയിലായത്. ആര്യനെ കേസിൽ നിന്ന് ഒഴിവാക്കാനാണ് വാങ്കഡെ കൈക്കൂലി ആവശ്യപ്പെട്ടത്. വാങ്കഡെയുടെ വിദേശ യാത്രകളും വിലകൂടിയ റിസ്റ്റ് വാച്ചുകൾ വിൽപനയും വാങ്ങിയതും സി.ബി.ഐ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല