സ്വന്തം ലേഖകന്‍: തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന് അതേ നാണയത്തില്‍ മറുപടി കൊടുക്കണമെന്ന് ശിവസേന. ജമ്മു കശ്മീരില്‍ പാക്ക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന്റെ കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ വിവാദ പരാമര്‍ശം. തിങ്കളാഴ്ചയും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികനു പരുക്കേല്‍ക്കുകയും ചെയ്തു.
2013 ല്‍ 347 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2014 ആയപ്പോഴേക്കും കരാര്‍ ലംഘനങ്ങളുടെ എണ്ണം 562 ആയി ഉയര്‍ന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയായതോടെ അതിര്‍ത്തി പ്രദേശത്തു താമസിക്കുന്ന 32,000 ല്‍ അധികം പേര്‍ക്കു സുരക്ഷിത സ്ഥാനത്തേക്കു മാറേണ്ടി വന്നതായും ശിവസേന മുഖപത്രമായ സാമ്‌ന പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഇന്ത്യന്‍ സൈന്യവും അതുപോലെ തന്നെ ചെയ്തു കുറേ പാക്കിസ്ഥാന്‍കാരെ വധിച്ചാലേ ഇതിനൊരു അവസാനം ഉണ്ടാകൂ. പാക്കിസ്ഥാനെപ്പോലൊരു ചെറിയ രാജ്യത്തിനു തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാമെങ്കില്‍ അവരുടെ കുതന്ത്രങ്ങളെ നേരിടുന്നതിന് ഇന്ത്യയും അപ്രകാരം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ലേഖനം കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കുന്നു.
ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനത്തിനു കാരണം ഇന്ത്യയാണെന്നാരോപിച്ച് പാക്കിസ്ഥാന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. സമാധാന ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുമ്പോള്‍ തന്നെയാണ് വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഇന്ത്യ നടത്തുന്നതെന്നായിരുന്നു പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല