സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ സംസങ്ങ് മേധാവിയെ ദക്ഷിണ കൊറിയന്‍ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. സാംസങ്ങിന്റെ മേധാവി ജയ് വൈ ലീയെയാണ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയുടെയും അവരുടെ സുഹൃത്ത് ചോയ് സൂ സില്ലിന്റെയും ‘ഫൗണ്ടേഷനുകള്‍ക്ക്’ വന്‍തുക സംഭാവന നല്‍കിയെന്നതാണു കേസ്.
സാംസങിന് പ്രസിഡന്റിന്റെ പിന്തുണ ലഭിക്കുന്നതിനായി നല്‍കിയ കൈക്കൂലിയാണിതെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ജയിലിലേക്ക് വാതില്‍ തുറന്നത്. പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ വൈസ് ചെയര്‍മാനും ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നനുമാണ് ലീ. സംഭാവനയായി 1.7 കോടി ഡോളര്‍ (ഏതാണ്ട് 114 കോടി രൂപ) നല്‍കിയതാണ് സാംസങ് തലവന് തിരിച്ചടിയായത്. ഈ സംഭവത്തെത്തുടര്‍ന്ന് പാര്‍ക് ഗ്യൂന്‍ ഹൈയെ (64) പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു.
ആറ് മാസത്തെ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം സോളിലെ സെന്‍ട്രല്‍ ജില്ലാ കോടതിയാണ് ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്വത്തുക്കള്‍ വിദേശത്ത് ഒളിപ്പിച്ച സംഭവത്തിനും ലീ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം പാര്‍കിന്റെ സുഹൃത്തുക്കള്‍ക്ക് സംഭാവന നല്‍കിയ കാര്യം കേസ് വാദം കേള്‍ക്കുന്നതിനിടെ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. പ്രൊസിക്യൂട്ടര്‍മാര്‍ ലീയ്ക്ക് 12 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നാണ് വാദിച്ചത്. 1938 ല്‍ ലീയുടെ മുത്തച്ഛനാണ് സാംസങ് സ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല