ലണ്ടന്‍ : സാംസംഗിന്റെ ആഭ്യന്തര രേഖകള്‍ പരിശോധിച്ചാല്‍ മനപൂര്‍വ്വം ആപ്പിള്‍ ഐഫോണ്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചതായി മനസ്സിലാകുമെന്ന് ആപ്പിള്‍ കമ്പനിയുടെ അഭിഭാഷകന് കഴിഞ്ഞദിവസം കോടതിയില്‍ ബോധിപ്പിച്ചു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ പ്രതീക്ഷിച്ചത്ര ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിലാണ് സാംസംഗ് മനപൂര്‍വ്വം ആപ്പിളിനെ കോപ്പിയടിക്കാന്‍ ശ്രമിച്ചതെന്നും ആപ്പിളിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ആപ്പിളും സാംസംഗ് ഇലക്ട്രോണിക് കോര്‍പ്പറേഷനുമായി അമേരിക്കന്‍ കോടതിയില്‍ നടന്നുവരുന്ന നിയമയുദ്ധത്തിലാണ് ആപ്പിളിന്റെ അഭിഭാഷകന് ഈ ആരോപണം ഉന്നയിച്ചത്. ലോകത്തെ തന്നെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ സാംസംഗ് പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നിയമയുദ്ധം ആരംഭിച്ചത്. 2006ലെ സാംസംഗിന്റെ ആദ്യകാല സ്മാര്‍ട്ട്ഫോണും 2010ലെ സാംസംഗിന്റെ സ്മാര്‍ട്ട്ഫോണും തമ്മിലുളള വ്യത്യാസം ഒരു സ്ലൈഡ്ഷോയിലുടെ ആപ്പിളിന്റെ അഭിഭാഷകനായ ഹാരോള്‍ഡ് മക്ഹന്നീ കോടതിയില്‍ വ്യക്തമാക്കി കൊടുത്തു. പഴയഫോണില്‍ നിന്ന് പുതിയ ഫോണിലേക്കുളള സാംസംഗിന്റെ മാറ്റം തന്റെ ആരോപണത്തെ കൂടുതല്‍ ശക്തമാക്കുന്നുവെന്നും മക്ഹെന്നീ ചൂണ്ടിക്കാട്ടി.
സാംസംഗ് ഫോണുകള്‍ പരിഷ്കരിച്ചു എന്നതിനേക്കാള്‍ കോപ്പി അടിച്ചു എന്നു പറയുന്നതാകും ഉചിതമെന്ന് ഹാരോള്‍ഡ് കോടതിയില്‍ പറഞ്ഞു. ഇത് തെളിയിക്കുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ആപ്പിള്‍ തയ്യാറാണന്നും ഹാരോള്‍ഡ് ചൂണ്ടിക്കാട്ടി. ഇതിന്റെ മറുപടി അടുത്തദിവസം സാംസംഗ് നല്‍കുമെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല