സ്വന്തം ലേഖകന്‍: യെമന്‍ തലസ്ഥാനമായ സനായിലെ വ്യോമാക്രമണം, സൗദിയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് അമേരിക്ക. സൗദി സഖ്യം നടത്തിയ ആക്രമണത്തില്‍ 155 പേര് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചു നിഷ്പക്ഷ അന്വേഷണം വേണമെന്നും യുഎസ് സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണത്തെ വൈറ്റ് ഹൗസ് അപലപിച്ചു. സൗദിയുമായുള്ള യുഎസ് സഹകരണം ഒരു ബ്ലാങ്ക് ചെക്കല്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേശക സമിതി വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഒന്നര വര്‍ഷമായി സൗദി സഖ്യം യെമനില്‍ നടത്തുന്ന സൈനിക ഇടപെടലിന് അമേരിക്ക നല്കുന്ന പിന്തുണ പുനഃപരിശോധനയ്ക്കു വിധേയമാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
2015 മാര്‍ച്ചില്‍ യെമനിലെ ഇറാന് പിന്തുണയുള്ള ഹൗതി ഷിയാകള്‍ക്ക് എതിരേ സൗദി സഖ്യം വ്യോമാക്രമണം ആരംഭിച്ചശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ശനിയാഴ്ചത്തേത്. ഹൗതികളുടെ നിയന്ത്രണത്തിലുള്ള സനായിലെ ഹാളില്‍ കബറടക്കച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേരേയാണ് വ്യോമാക്രമണം ഉണ്ടായത്. 155 പേര്‍ക്കു ജീവഹാനി നേരിട്ടെന്നു പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 525 പേര്‍ക്കു പരിക്കേറ്റു.
ആക്രമണത്തെക്കുറിച്ചു നിഷ്പക്ഷമായി ഉടന്‍ അന്വേഷണം നടത്തണമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.യെമനില്‍ സിവിലിയന്മാര്ക്ക് എതിരേയുള്ള അക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് യുഎന്‍ ജീവകാരുണ്യ സഹായവിതരണച്ചുമതലയുള്ള ജാമി മക്ഗോള്‍ഡ്രിക് നിര്‍ദേശിച്ചു.
സൗദി സഖ്യത്തിന്റെ ആക്രമണത്തില്‍ ഇതിനുമുമ്പും സിവിലിയന്മാര്ക്കു ജീവഹാനി നേരിട്ടിട്ടുണ്ട്.2015 സെപ്റ്റംബറില്‍ ചെങ്കടല്‍ തീരനഗരമായ മോഖയില്‍ വിവാഹപാര്‍ട്ടിക്കു നേരേയുണ്ടായ വ്യോമാക്രമണത്തില്‍ 131 പേര് കൊല്ലപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ വിമതരുടെ കൈവശമുള്ള ഹാജിയ പ്രവിശ്യയിലെ കമ്പോളത്തില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 106 സിവിലിയന്മാര് ഉള്‍പ്പെടെ 119 പേര് മരിച്ചു. ഇവരില്‍ 24 പേര് കുട്ടികളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല