സ്വന്തം ലേഖകന്‍: സുനന്ദ വധക്കേസ്, ശശി തരൂരിന്റെ നുണ പരിശോധനക്ക് സാധ്യത തെളിയുന്നു. ഇതിന് അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പാട്യാല കോടതിയില്‍ അടുത്തയാഴ്ച അപേക്ഷ സമര്‍പ്പിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തരൂരിന്റെ ഓഫീസ് അറിയിക്കുന്നത്.
കേസില്‍ ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുന്നതാണെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും തരൂരിന്റെ ഓഫീസ് അധികൃതര്‍ പറഞ്ഞു. കേസില്‍ ഇതിനകം ശശി തരൂര്‍ നിരവധി ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനായിക്കഴിഞ്ഞു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ 6 പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷികളും അവര്‍ കൊല്ലപ്പെട്ട ദിവസം താമസിച്ചിരുന്ന ഹോട്ടലില്‍ ഉണ്ടായിരുന്നവരെയുമായിരുന്നു നേരത്തെ നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്!രംഗി, കുടുംബ സുഹൃത്തായ സഞ്ജയ് ദിവാന്‍, എസ് കെ ശര്‍മ, വികാസ് അഹ്ലാവത്ത്, സുനില്‍ തക്രു എന്നിവരെയാണ് നേരത്തെ പൊലീസ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്..
ഇവരുടെ നുണ പരിശോധനാ ഫലം പുറത്തുവരുന്നതിന് മുമ്പാണ് കേസില്‍ തരൂരിനെയും നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീല പാലസില്‍ 51 കാരിയായ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കഴിഞ്ഞ ജനുവരിയില്‍ പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല