സ്വന്തം ലേഖകന്‍: വരള്‍ച്ചയില്‍ വലയുന്ന രാജസ്ഥാന്‍ ഗ്രാമത്തില്‍ വെള്ളം കുഴിച്ചെടുത്ത് മലയാളി കൂട്ടായ്മ. കുടിവെള്ളമില്ലാതെ വലഞ്ഞ രാജസ്ഥാനിലെ സുറാലി ഗ്രാമത്തിലാണ് ഫേസ്ബുക്കിലെ യാത്രാ പ്രേമികളായ മലയാളികളുടെ കൂട്ടായ്മയായ സഞ്ചാരി കിണര്‍ കുഴിച്ചത്. ‘മരുഭൂമിയിലൊരു നീരുറവ’ എന്ന് പേരിട്ട പരിപാടിയിലൂടെയാണ് മരുഭൂമിയില്‍ കിണര്‍ കുഴിച്ച് ഗ്രാമവാസികള്‍ക്ക് വെള്ളമെത്തിച്ചത്.
2015 ജൂണില്‍ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹമീദലി വാഴക്കാട് ഫേസ്ബുക്ക് ഗ്രൂപ്പില്‍ എഴുതിയ ഒരു യാത്രക്കുറിപ്പില്‍ നിന്നുമാണ് ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കമായത്. വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ കൂടിയാണ് ഗ്രാമവാസികള്‍ കുളിയ്ക്കുന്നത് എന്നത് ഉള്‍പ്പെടെ ഗ്രാമത്തിന്റെ ദുരിതം മുഴുവന്‍ വിവരിക്കുന്നതായിരുന്നു പോസ്റ്റ്.
ഹമീദലിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗ്രാമത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമായത്. ഈ മാസം ഏഴിന് ഈ കിണറില്‍ നിന്നും വെള്ളമെടുത്തു തുടങ്ങും. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നൂറടി താഴ്ചയിലുള്ള കിണര്‍ കുഴിക്കാന്‍ സഹായവുമായി എത്തിയതായി സഞ്ചാരി പ്രവര്‍ത്തകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല