1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2022

സ്വന്തം ലേഖകൻ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തിനുശേഷം നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ തന്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ബഗാൻ താരം സന്ദേശ് ജിങ്കാൻ രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ തന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവ് ഒരിക്കൽക്കൂടി ഏറ്റുപറഞ്ഞ ജിങ്കാൻ, തന്റെ തെറ്റിന് കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ, ‘ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം’ എന്ന തരത്തിലായിരുന്നു ജിങ്കാന്റെ പരാമർശം.

ബ്ലാസ്റ്റേഴ്സ് ടീമിനെയും സ്ത്രീകളെയും ജിങ്കാൻ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധക സമൂഹമായ മഞ്ഞപ്പടയും ജിങ്കാനെതിരെ രംഗത്തിറങ്ങി. മുൻതാരമായ ജിങ്കാനോടുളള ബഹുമാനസൂചകമായി പിൻവലിച്ച 21–ാം നമ്പർ ജഴ്സി ബ്ലാസ്റ്റേഴ്സ് തിരികെ കൊണ്ടുവരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് #BringBack21 എന്ന ഹാഷ്ടാഗിൽ ക്യാംപയിനും സജീവമാണ്. ജിങ്കാന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ ‘അൺഫോളോ’ ചെയ്തും ഒരു വിഭാഗം ആരാധകർ പ്രതിഷേധിച്ചു. ഇതിനിടെ ജിങ്കാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും അപ്രത്യക്ഷമായിരുന്നു.

ആരാധകർ ഇടഞ്ഞതോടെ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി ജിങ്കാൻ ആദ്യമേ രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിനെ അവഹേളിച്ചില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മത്സരശേഷം സഹതാരവുമായി നടത്തിയ വഴക്കാണു കേട്ടതെന്നും ഒഴിവുകഴിവ് പറയരുത് എന്നാണ് ഉദ്ദേശിച്ചതെന്നും ജിങ്കാൻ വിശദീകരിച്ചിരുന്നു. എന്നാൽ, ഇതുകൊണ്ടും ആരാധകർ അടങ്ങുന്നില്ലെന്ന് വന്നതോടെയാണ് ജിങ്കാൻ വിഡിയോയുമായി നേരിട്ട് രംഗത്തെത്തിയത്.

“എല്ലാവരും സുരക്ഷിതരായും ആരോഗ്യത്തോടെയും കഴിയുന്നുവെന്ന് കരുതുന്നു. എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവിന്റെ പേരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. എന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണത്തെക്കുറിച്ച് ഞാൻ ശാന്തമായി ഇരുന്നു ചിന്തിച്ചു. മത്സരച്ചൂടിന്റെ ആവേശത്തിൽ ഞാൻ പറഞ്ഞുപോയ വാക്കുകളാണ് അത്. അത് തെറ്റായിപ്പോയി. അതിൽ എനിക്ക് വിഷമമുണ്ട്. ഞാൻ ഖേദിക്കുകയും ചെയ്യുന്നു,“ വിഡിയോയിൽ ജിങ്കാൻ പറഞ്ഞു.

“എന്റെ വാക്കുകൾ ഒട്ടേറെപ്പേരെ വിഷമിപ്പിച്ചതായി മനസ്സിലാക്കുന്നു. അതിൽ ഞാനും എന്റെ കുടുംബാംഗങ്ങളുമുണ്ട്. സംഭവിച്ചുപോയ പിഴവ് മായിക്കാനാകില്ലല്ലോ. പക്ഷേ, എനിക്കു ചെയ്യാനാകുന്ന കാര്യം ഈ പിഴവിൽനിന്ന് പാഠം പഠിച്ച് ഇങ്ങനൊന്ന് ഇനി ആവർത്തിക്കാതിരിക്കാൻ നല്ലൊരു മനുഷ്യനും പ്രഫഷനലുമാകുക എന്നതാണ്,“ ജിങ്കാൻ പറഞ്ഞു.

“എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിന്റെ പേരിൽ കുടുംബാംഗങ്ങളുടെ നേർക്കും കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. എല്ലാവർക്കും എന്നോട് ദേഷ്യമുണ്ടെന്ന് അറിയാം. പക്ഷേ, എന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതും വംശീയമായി അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാകില്ല. ദയവായി അങ്ങനെ ചെയ്യരുത്. ഒരിക്കൽക്കൂടി എന്റെ വാക്കുകൾക്ക് മാപ്പു ചോദിക്കുന്നു. ഇനി ഇത് ആവർത്തിക്കില്ല. നന്ദി,“ ജിങ്കാൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.