ദുബായിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മണല്‍ക്കാറ്റ്. അന്തരീക്ഷത്തില്‍ നിറയെ പൊടി നിറഞ്ഞിരിക്കുന്നത് ജനജീവിതത്തെ ബുദ്ധിമുട്ടിക്കുന്നതിന് പിന്നാലെ യാത്രാക്ലേശവും. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി മുന്‍കൂട്ടി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവര്‍ക്കും മറ്റും തിരിച്ചടി നല്‍കി നൂറു കണക്കിന് വിമാനങ്ങളാണ് ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളില്‍ ഒന്നായ ദുബായി വിമാനത്താവളത്തില്‍ റദ്ദാക്കിയിരിക്കുന്നത്. അന്തരീക്ഷത്തില്‍ നിറയെ പൊടിയായിരിക്കുന്നതിനാല്‍ കാഴ്ച്ച മങ്ങുന്നതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. ദുബായിയിലേക്ക് എത്തേണ്ടിയിരുന്ന 12 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടിരിക്കുകയാണെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.
ലണ്ടനിലെ ഹീത്രു വിമാനത്താവളമായിരുന്നു എയര്‍ ട്രാഫിക്കിന്റെ കാര്യത്തിലും ആളുകളുടെ എണ്ണത്തിലും മുന്നില്‍. എന്നാല്‍ ഈ വര്‍ഷം ആദ്യത്തോടെ ഈ പദവി ദുബായി വിമാനത്താവളത്തിനാണ്. നിലവില്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും വരും മണിക്കൂറുകളിലും ദിവസങ്ങളിലും സ്ഥിത സമാനമായി തുടരുകയും ചെയ്യും എന്നത് യാത്രക്കാരെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്.
ദുബായിയില്‍ മണല്‍ക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയതിന് ശേഷം നിരവധി ആളുകളെയാണ് ശ്വസനസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അബുദാബിയില്‍ വഴി കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വാഹനാപകടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 24 വയസ്സുകാരനായ ഒരാളെ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിക്കുന്നുണ്ട്.
അബുദാബിയില്‍നിന്ന് ബഹറൈന്‍, ദമാം, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് പോകേണ്ട വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറിലെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്താണ് ഖത്തറിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. റോഡുകളിലും മറ്റും വിസിബിളിറ്റി കുറവായിരിക്കുമെന്നും അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇന്നലെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പി ഇപ്പോള്‍ അവര്‍ വീണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല