
ഡോ. സിബി വേകത്താനം: സാൽഫോഡ്, ട്രാഫോർഡ്, നോർത്ത് മാഞ്ചസ്റ്റർ, വാറിംങ്ടൺ എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന വി. എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും സംയുക്തമായി ഭക്ത്യാദരപൂർവം ആഘോഷിച്ചു. അഭിവന്ദ്യ പിതാക്കന്മാരേയും മറ്റ് വൈദികരേയും അൾത്താരയിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് ഇന്നലത്തെ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചത്.
മിഷൻ ഡയറക്ടർ റവ.ഫാ.ജോൺ പുളിന്താനത്ത് അഭിവന്ദ്യ പിതാക്കൻമാരെയും ബഹുമാനപ്പെട്ട വൈദികരേയും വിശ്വാസികളേയും സ്വാഗതം ചെയ്തതോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ സാൽഫോർഡ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോൺ അർനോൾഡ് പിതാവ് വചന സന്ദേശം നല്കി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട് മിഷൻ സ്ഥാപന ഡിക്രി വായിച്ചു. വികാരി ജനറാൾമാരായ മോൺ. ജിനോ അരീക്കാട്ട്, മോൺ. മൈക്കിൾ കുക്ക്, മോൺ. സജി മലയിൽ പുത്തൻപുരയിൽ, മാഞ്ചസ്റ്റർ റീജിയൻ കോഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റവ. ഫാ. ജോ മൂലച്ചേരി, റവ. ഫാ. ഫ്രാൻസിസ് , റവ. ഫാ. മാർട്ടിൻ കോളിൻസ്, റവ.ഫാ. മാർക്ക്, റവ. ഫാ. ജോൺ പുളിന്താനത്ത് എന്നിവർ സഹകാർമ്മികരായിരുന്നു.
വി. കുർബ്ബാനയ്ക്കു ശേഷം സ്വർണക്കുരിശ്, വെള്ളിക്കുരിശ്, മുത്തുക്കുടകൾ, കൊടികൾ എന്നിവയുടെ അകമ്പടിയോടെ വിശുദ്ധരുടെ രൂപവുമേന്തി സാൽഫോർഡ് മിഷനിലെ നൂറ് കണക്കിന് കുടുംബങ്ങൾ അണിനിരന്ന പ്രദക്ഷിണം കത്തോലിക്കാ വിശ്വാസ പ്രഖ്യാപനത്തിൻ്റെ നേർക്കാഴ്ചയായിരുന്നു.
ദേവാലയവും പരിസരവും തോരണങ്ങളാൽ മനോഹരമായി അലങ്കരിച്ചിരുന്നു. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം ലദീഞ്ഞ് ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയുടെ ആശീർവ്വാദത്തോടെയാണ് തിരുക്കർമ്മങ്ങൾ അവസാനിച്ചത്. തുടർന്ന് കരിമരുന്ന് പ്രയോഗം ഉണ്ടായിരുന്നു. നേർച്ചഭക്ഷണവും കഴിച്ചാണ് എല്ലാവരും സന്തോഷത്തോടെ അവരവരുടെ ഭവനത്തിലേക്ക് യാത്രയായത്.
മിഷൻ ഉദ്ഘാടനവും തിരുനാളും അവിസ്മരണീയമാക്കുവാൻ ട്രസ്റ്റിമാരായ ജാക്സൺ തോമസ്, വിൻസ് തോമസ്, ഡോ.സിബി വേകത്താനം, സ്റ്റാനി ഇമ്മാനുവേൽ എന്നിവരുടെയും തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജെയിംസ് ജോണിൻ്റേയും നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റികളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് പരിപാടിയുടെ വൻ വിജയത്തിന് പിന്നിൽ. മിഷൻ ഉദ്ഘാടനവും തിരുന്നാളും വിജയമാക്കുവാൻ അഹോരാത്രം ബുദ്ധിമുട്ടിയ എല്ലാവർക്കും മിഷൻ ഡയറക്ടർ റവ.ഫാ. ജോൺ പുളിന്താനത്ത് നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല