സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ശ്രീലങ്കന്‍ താരങ്ങളായ കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. മത്സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് ശ്രീലങ്ക പരാജയപ്പെട്ടത്. ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തോല്‍വികല്‍ ഒന്നാണിത്.
മത്സരത്തില്‍ ബാറ്റ്‌സ്മാരുടെ പരാജയം ശ്രീലങ്കന്‍ മാധ്യമങ്ങളില്‍ രൂക്ഷമായ് വിമര്‍ശത്തിന് പാത്രമായിരുന്നു. തോല്‍വിക്കു കാരണം ബാറ്റ്‌സ്മാന്മാരുടെ നിരുത്തരവദപരമായ ബാറ്റിംഗാണെന്നും ആരോപണം ഉയര്‍ന്നു. അതിനു തൊട്ടു പിന്നാലെയാണ് ശ്രീലങ്കന്‍ ആക്രമണത്തിന്റെ കുന്തമുനകളായ സംഗക്കാരയും ജയവര്‍ധനയും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.
2000 ജൂലായ് അഞ്ചിന് പാകിസ്ഥാന് എതിരെയായിരുന്നു സംഗക്കാരയുടെ അരങ്ങേറ്റം. 404 ഏകദിന മത്സരങ്ങളില്‍ നിന്ന് 14,234 റണ്‍സാണ് സംഗക്കാരയുടെ സമ്പാദ്യം. ലോകത്തെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് സംഗക്കാര കണക്കാക്കപ്പെടുന്നത്. 25 സെഞ്ച്വറികളും 93 അര്‍ദ്ധ സെഞ്ച്വറികളുമുണ്ട് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍.
ലോകകപ്പില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ സെഞ്ച്വറി നേടി റെക്കാഡിട്ട സംഗക്കാര ദക്ഷിണാഫ്രിക്കക്കെതിരെ 45 റണ്‍സെടുത്ത് പുറത്തായിരുന്നു. ഈ ലോകകപ്പില്‍ മികച്ച ഫോമിലായിരുന്ന സംഗക്കാര ഏഴു മത്സരങ്ങളില്‍ നിന്ന് 541 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ടോപ്‌സ്‌കോററും സംഗക്കാര തന്നെ.
1998 ജനുവരി 24ന് സിംബാബ്‌വേക്ക് എതിരെയായിരുന്നു മഹേല ജയവര്‍ധന ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. 448 ഏകദിനങ്ങളില്‍ നിന്ന് 12,650 റണ്‍സ് നേടിയിട്ടുള്ള മഹേലയുടെ അക്കൗണ്ടില്‍ 19 സെഞ്ച്വറികളും 77 അര്‍ദ്ധ സെഞ്ച്വറികളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല