സ്വന്തം ലേഖകന്‍: വെളുത്ത, ഉയരമുള്ള കുട്ടികളെ സൃഷ്ടിച്ച് കരുത്തുറ്റ ഇന്ത്യയ്ക്കായുള്ള പദ്ധതിയുമായി സംഘപരിവാര്‍. ഉത്തമ സന്താനങ്ങളെ സൃഷ്ടിക്കാനുള്ള പദ്ധതി എന്ന പേരിലാണ് ആര്‍എസ്എസിന്റെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ആരോഗ്യ ഭാരതി വേറിട്ട പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ പദ്ധതിയുടെ ആചാര, പരിശീലന ക്രമങ്ങള്‍ വിശദീകരിക്കുന്നതിനായി ഗര്‍ഭ സംസ്‌കാര്‍ എന്ന പേരില്‍ പഠനശിഖിരം കൊല്‍ക്കത്തയില്‍ നടത്താന്‍ പോകുകയാണ് സംഘടന. ഗുജറാത്തില്‍ തുടക്കമിട്ട പദ്ധതി 2015 മുതലാണ് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത്. വിദ്യാഭാരതിയെന്ന സംഘടനയാണ് പദ്ധതിയുടെ പ്രചാരകര്‍. പദ്ധതിക്ക് ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 ശാഖകളുണ്ട്.
ഉയരം, നിറം, ഐക്യു എന്നിവ കുറവുള്ള മാതാപിതാക്കള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിമേക്കാള്‍ മികച്ച സന്താനങ്ങളെ ഗര്‍ഭ സംസ്‌കാന്‍ ആചാരത്തിലൂടെ ലഭിക്കുമെന്നാണ് ഇവരുടെ അവകാശവാദം. ആചാരങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കറുത്ത നിറമുള്ള ഉയരം കുറവുള്ള മാതാപിതാക്കള്‍ക്ക് നല്ല നിറമുള്ള കുഞ്ഞുങ്ങള്‍ പിറക്കും.
10 വര്‍ഷം കൊണ്ട് 450 കുട്ടികള്‍ പിറന്നു കഴിഞ്ഞുവെന്നും ആരോഗ്യഭാരതി അവകാശപ്പെടുന്നു. ആയുര്‍വേദം, ജ്യോതിഷം, വൈദിക കര്‍മ്മങ്ങള്‍ എന്നിവ യോജിപ്പിച്ചുള്ള പ്രത്യേക പരിശീലനമാണ് ദമ്പതികള്‍ക്ക് നല്‍കുക. വിവിധ സര്‍വകലാശാലകളില്‍ ഈ വിഷയം പാഠഭാഗമാക്കിയിട്ടുമുണ്ട്. 2020 ആകുമ്പോഴേക്കും രാജ്യത്ത് ആയിരക്കണക്കിന് സമര്‍ത്ഥശിശുക്കള്‍ ജനിക്കണമെന്നാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. പദ്ധതി പ്രഖ്യാപിച്ചതോടെ ആര്യന്‍ പ്രൗഢിയിലൂന്നിയ വംശീയ ശുദ്ധീകരണമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത് എന്ന് വ്യാപക വിമര്‍ശനമുയരുന്നുണ്ട്.
അതേസമയം പദ്ധതിയുടെ ശാസ്ത്രീയത ചോദ്യം ചെയ്ത് കൊല്‍ക്കത്ത ഹൈക്കോടതി രംഗത്തെത്തി. പശ്ചിമബംഗാള്‍ ശിശു സംരക്ഷണ കമ്മീഷന്‍ ഓഫീസര്‍ നസീബ് ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പദ്ധതിയുടെ ശാസ്ത്രീയതയെ ചോദ്യം ചെയ്തത്. ‘ഇതിനു തെളിവുകളായി ആരോഗ്യ ഭാരതിക്ക് ഒന്നും ഹാജരാക്കാനായില്ല, ആയുര്‍വേദ വിദഗ്ധനാണ് എന്നവകാശപ്പെടുന്ന ഗുജറാത്തിലെ ഒരു പ്രൊഫസര്‍ മാത്രമാണ് ദമ്പതികള്‍ക്ക് ക്ലാസെടുക്കുന്നത്’ നസീബ് ഖാന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല