സ്വന്തം ലേഖകന്‍: സാനിയ മിര്‍സ മാര്‍ട്ടിന ഹങ്ഗിസും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടു. ഇരുവരുടേയും ഒരുമിച്ചുള്ള തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. കൂടാതെ തുടരെയുള്ള 36 മത്തെ ജയവും. ഇതോടെ ലോക ടെന്നീസിലെ ഇതിഹാസ ജോടികളായി മാറുകയാണ് സാനിയ ഹിങ്ഗിസ് സഖ്യം.
2015ലാണ് സാനിയയും ഹിങ്ഗിസും ഒരുമിച്ചത്. 12 കിരീടങ്ങള്‍ ഇതിനിടെ സ്വന്തമാക്കി. മൂന്നെണ്ണം ഗ്രാന്‍ഡ് സ്‌ളാം. വിംബിള്‍ഡണും യു എസ് ഓപ്പണും കഴിഞ്ഞ വര്‍ഷം നേടി. ഡബ്‌ള്യുടിഎ ടൂര്‍ ഫൈനല്‍സ് കിരീടംവേറെ. ഈ വര്‍ഷം ബ്രിസ്‌ബെയ്ന്‍, സിഡ്‌നി ചാമ്പ്യന്‍ഷിപ്പുകളുടെ പകിട്ടുമായാണ് ഇരുവരും ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയത്.
ഫൈനല്‍വരെ എളുപ്പമയിരുന്നു ഇരുവര്‍ക്കും. പക്ഷേ, അന്തിമ പോരാട്ടം കടുത്തു. ചെക്ക് റിപ്പബ്‌ളിക്കിന്റെ ഏഴാം സീഡുകാരായ ആന്‍ഡ്രിയ ഹ്‌ളവക്കോവയും ലൂസിയെ ഹ്രെഡേക്കയും പൊരുതിനിന്നു. എങ്കിലും നേരിട്ടുള്ള സെറ്റുകളില്‍ സാനിയയും ഹിങ്ഗിസും ജയംകൊയ്തു (7–6 (7–1), 6–3).
ഹിങ്ഗിസ് ഇവിടെ 1997 ലും 99 ലും സിംഗിള്‍സ്, ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2002 ല്‍ മറ്റൊരു ഡബിള്‍സ് കിരീടവും നേടി. സാനിയയുടെ ആറാം ഗ്രാന്‍ഡ് സ്ലാം നേട്ടമാണിത്. അതേസമയം സാനിയയുടെ ക്രൊയേഷ്യക്കാരന്‍ ഡോഡിഗുമൊത്തുള്ള മിക്‌സഡ് ഡബിള്‍സ് പോരാട്ടം സെമിയില്‍ അവസാനിച്ചു. മിക്‌സഡ് ഡബിള്‍സില്‍ അഞ്ചാം സീഡ് റഷ്യയുടെ എലേന വെസ്‌നിന–ബ്രസീലിന്റെ ബ്രൂണോ സോറസ് സഖ്യത്തോടാണ് സാനിയയും ഡോഡിഗും തോറ്റത് (7–5, 6–7).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല