സ്വന്തം ലേഖകന്‍: അടിയന്തരാവസ്ഥയും ഇന്ദിരാ ഗാന്ധിയും കേന്ദ്ര പ്രമേയമാകുന്ന ‘ഇന്ദു സര്‍ക്കാര്‍’, സിനിമയ്‌ക്കെതിരെ സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെടുന്ന യുവതി കോടതിയില്‍. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ഇന്ദു സര്‍ക്കാര്‍ എന്ന സിനിമയ്‌ക്കെതിരേ ദില്ലി ഹൈക്കോടതിയിലാണ് സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന പ്രിയ സിംഗ് പോള്‍ ഹര്‍ജി നല്‍കിയത്. ചരിത്രത്തെ തെറ്റായി വളച്ചൊടിക്കുന്നതാണ് ഈ സിനിമയെന്നും സിനിമ നിരോധിക്കണമെന്നുമാണ് പ്രിയയുടെ ആവശ്യം.
തന്റെ പിതാവിനെയും പിതൃമാതാവിനെയും തെറ്റായ രീതിയില്‍ ചിത്രത്തില്‍ ചിത്രീകരിക്കുന്നതിനാല്‍ സിനിമ തടയണമെന്ന് ആവശ്യപ്പെട്ട് പ്രിയ സിംഗ് നേരത്തെ സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് അയച്ചിരുന്നു. കൂടാതെ കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു, ചിത്രത്തിന്റെ സംവിധായകന്‍ ഭണ്ഡാര്‍ക്കര്‍, നിര്‍മാതാവ് ഭരത് സിംഗ് എന്നിവര്‍ക്കും ഇവര്‍ നോട്ടീസ് നല്‍കിയിരുന്നു. സഞ്ജയ് ഗാന്ധിക്ക് ഇങ്ങനെയൊരു മകള്‍ ഉള്ള കാര്യം അറിയില്ലെന്ന് അറിയിച്ച സെന്‍സര്‍ ബോര്‍ഡ്, പ്രിയയുടെ ആവശ്യം തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രിയ സിംഗ്, ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ‘ഇന്ദു സര്‍ക്കാര്‍’ ഈ മാസം 28 നാണ് റിലീസ് ചെയ്യുന്നത്.
സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശവാദമുന്നയിച്ച് എത്തിയിരിക്കുന്ന പ്രിയ സിംഗ് പോള്‍, ഡല്‍ഹിയിലെ ഗുരുഗ്രാം(ഗുര്‍ഗോണ്‍) സ്വദേശിനിയാണ്. ശിശുവായിരിക്കെ ദത്തെടുക്കപ്പെട്ട താന്‍ മുതിര്‍ന്നശേഷമാണ് സഞ്ജയ് ഗാന്ധിയുടെ മകളാണന്ന് മനസിലാക്കിയതെന്നു പ്രിയ പറയുന്നു.
തന്റെ പിതൃത്വം തെളിയിക്കുന്നതിനുള്ള നിയമപോരാട്ടം താന്‍ തുടങ്ങിയിട്ട് നാളുകളായെന്ന് പ്രിയ സിംഗ് പോള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി തന്റെ ജനനസര്‍ട്ടിഫിക്കറ്റിനും ദത്തെടുക്കല്‍ രേഖകള്‍ക്കുമായി പോരാട്ടം തുടരുകയാണെന്നും 48 വയസുകാരിയായ അവര്‍ പറഞ്ഞു.
സഞ്ജയ് ഗാന്ധിയുടെ മകളാണെന്ന് തെളിയിക്കാനുള്ള തന്റെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ‘ഇന്ദു സര്‍ക്കാര്‍’ സിനിമയുടെ ട്രെയിലര്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ഈ ചിത്രത്തിനെതിരേ പരസ്യമായി രംഗത്തുവരാന്‍ തീരുമാനിക്കുകയായിരുന്നു എന്നും പ്രിയ സിംഗ് പറഞ്ഞു. 70 ശതമാനം ഭാവനയും 30 ശതമാനം മാത്രം വസ്തുതകളുമാണ് ‘ഇന്ദു സര്‍ക്കാര്‍’ സിനിമയിലുള്ളതെന്നും അവര്‍ ആരോപിച്ചു. സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പടുന്നത് എന്തെങ്കിലും നേട്ടത്തിനുവേണ്ടിയല്ലെന്നും തന്റെ അസ്ഥിത്വം തുറുന്നുകാട്ടുക മാത്രമാണ് ലക്ഷ്യമെന്നും പ്രിയ സിംഗ് വാദിക്കുന്നു.
സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്നതിന്റെ പേരില്‍ സിനിമയെ എതിര്‍ക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല. അതില്‍ എനിക്ക് ഒരു ഭയവുമില്ല. രാഷ്ട്രീയ ലക്ഷ്യമോ, സാമ്പത്തിക താല്പര്യമോ എനിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടിയാണ് പ്രിയ സിംഗ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. തന്റെ അമ്മയെ സഞ്ജയ് ഗാന്ധി രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും പിന്നീട് താന്‍ ജനിച്ചശേഷം രഹസ്യമായി തന്നെ ദത്തുനല്‍കുകയായിരുന്നുവെന്നും പ്രിയ സിംഗ് പറയുന്നു.
സഞ്ജയ് ഗാന്ധിയെ വിവാഹം കഴിക്കുമ്പോള്‍ തന്റെ അമ്മയ്ക്ക് നിയമപരമായി പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാലാണ് വിവാഹവും തന്റെ ജനനവും രഹസ്യമാക്കി വച്ചതെന്നും പിന്നീട് ശിശുവായിരുന്ന തന്നെ ദത്ത് നല്‍കിയതെന്നും പ്രിയ പറഞ്ഞു. പ്രിയയെ പിന്നീട് ദത്തെടുത്തത് സമ്പന്നരായ ഒരു കുടുംബമാണ്. താന്‍ വളര്‍ന്നശേഷം ഒരു കുടുംബസുഹൃത്തിന്റെ സംഭാഷണത്തില്‍ നിന്നാണ് താന്‍ വലിയ രാഷ്ട്രീയകുടുംബത്തിലെ പിന്തുടര്‍ച്ചാവകാശിയാണെന്ന് മനസിലാക്കിയതെന്ന് പ്രിയ സിംഗ് പോള്‍ പറഞ്ഞു.
സഞ്ജയ് ഗാന്ധിയുടെ മകളാണെന്ന് തെളിയിക്കുന്നതിനായി ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ക്കായി തന്റെ കക്ഷി ഒരുങ്ങുകയാണെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും പ്രിയയുടെ അഭിഭാഷകന്‍ തന്‍വീര്‍ നിസാം അറിയിച്ചു. നേരത്തെ ചിത്രത്തിനെതിരെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായി വേഷമിടുന്നത് സുപ്രിയ വിനോദാണ്. നീല്‍ നിതിന്‍ മുകേഷ് ആണ് സഞ്ജയ് ഗാന്ധിയായി എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല