സ്വന്തം ലേഖകന്‍: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവതി ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയായെത്തുന്ന പത്മാവതി ജനുവരി 26 ന് പുറത്തിറങ്ങുമെന്ന് മുംബൈ മിറര്‍ ദിനപത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ചില രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഈ നിബന്ധന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചുവെന്നാണ് സൂചന. അതേ സമയം, സിനിമയുടെ റിലീസിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ സഞ്ജയ് ലീല ബന്‍സാലിയോ നിര്‍മാതാക്കളായ വിയാകോം 18 പിക്‌ചേഴ്‌സോ തയാറായിട്ടില്ല.
18 ദിവസത്തിനുള്ളില്‍ സിനിമ റിലീസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമായി ഇവര്‍ മുന്നോട്ട് പോവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവതി തിയേറ്ററുകളിലെത്തുന്നതിനാല്‍ ജനുവരി 26ന് പുറത്തിറങ്ങാനുള്ള ചില ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് മാറ്റിയിട്ടുണ്ട്.
എന്നാല്‍, ഭേദഗതികളോടെ സിനിമയുടെ റിലീസ് അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പത്മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്പുത് കര്‍ണിസേന വ്യക്തമാക്കി. സിനിമയുടെ റിലീസ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡും ബി.ജെ.പി സര്‍ക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്നുമാണ് സംഘടന വ്യക്തമാക്കിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല