സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍ കൊച്ചിയില്‍, ആരാധകരുടെ കടലായി കൊച്ചി എംജി റോഡ്, ആവേശം അതിരു കടന്നപ്പോള്‍ പോലീസിന്റെ വക ലാത്തി ചാര്‍ജും സംഘാടകരുടെ പേരില്‍ കേസും. വ്യാഴാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. സണ്ണിയെ ഒരു നോക്ക് കാണാന്‍ വിമാനത്താവളം മുതല്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്.
മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍4ന്റെ 33 മത് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സണ്ണി കൊച്ചിയില്‍ എത്തിയത്. എറണാകുളം എംജി റോഡില്‍ ഷേണായി തിയേറ്ററിന് സമീപമാണ് പുതിയ ഷോറും. വന്‍ സുരക്ഷാ സംവിധാനമാണ് താരമെത്തുന്ന വേദിയില്‍ ഒരുക്കിയിരിക്കുന്നത്. 11 മണിയോടെ താരം ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും 12.30 നാണ് ഇവിടേയ്ക്ക് എത്തിയത്.
സണ്ണി ലിയോണിനെ കാണാനായി ജനങ്ങള്‍ തിക്കുംതിരക്കും കൂട്ടുകയായിരുന്നു. പറഞ്ഞസമയം കഴിഞ്ഞിട്ടും താരത്തെ കാണാതിരുന്ന ആരാധകര്‍ വേദിയ്ക്കരികില്‍ ബഹളം കൂട്ടിയതോടെയാണ് പൊലീസ് ലാത്തി പ്രയോഗിച്ചത്. സമീപത്തെ എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന് മുകളിലും പലരും വലിഞ്ഞു കയറി.
തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പോലീസിന് പലപ്പോഴും ലാത്തി വീശേണ്ടി വന്നു. മെട്രോയുടെ ഭാഗമായി എംജി റോഡില്‍ സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ബാരിക്കേഡ് തകര്‍ന്നു വീണു. വേദിക്ക് സമീപത്തെ എടിഎം കൗണ്ടറിന് മുകളിലെ നെയിംബോര്‍ഡില്‍ വരെ ആളുകള്‍ കയറിയതോടെ അതും തകര്‍ന്നു വീണു.
സണ്ണി ലിയോണ്‍ ഉദ്ഘാടനം ചെയ്ത മൊബൈല്‍ ഷോപ്പിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സണ്ണി ലിയോണ്‍ എത്തിയതിനെ തുടര്‍ന്ന് എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടതിന്റെ പേരില്‍ ഷോപ്പ് ഉടമയ്ക്കും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കുമെതിരെയാണ് കേസ്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ പിഴ ചുമത്തിയതായും സെന്‍ട്രല്‍ പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല