സ്വന്തം ലേഖകന്‍: ക്രിസ്മസ് അപ്പൂപ്പന്‍ വെറും കെട്ടുകഥയല്ല, സാന്തോക്ലോസിന്റേതെന്ന് കരുതുന്ന ശവക്കല്ലറ തുര്‍ക്കിയില്‍ കണ്ടെത്തി. തുര്‍ക്കിയിലെ ദക്ഷിണ അന്റാല്യ മേഖലയിലെ സെന്റ് നികോളാസ് ചര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ ജിയോഫിസിക്കല്‍ സര്‍വേയിലാണ് പുരാതന കല്ലറ കണ്ടെത്തിയത്. തറക്കടിയില്‍ ആര്‍ക്കും തൊടാനാവാത്ത വിധത്തില്‍ രഹസ്യമായാണ് കല്ലറ സ്ഥിതി ചെയ്യുന്നത്.
സാന്താക്ലോസ് എന്ന പേരില്‍ അറിയപ്പെടുന്ന സെന്റ് നികോളാസിന്റെ ഭൗതിക ദേഹം ഈ കല്ലറയില്‍ അടക്കം ചെയ്തതായി കരുതുന്നു. ഒമ്പതാം വയസില്‍ വൈദികനായ നികോളാസ്, പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റുവെന്നും എ.ഡി 343 ആം വര്‍ഷം അന്തരിച്ചുവെന്നുമാണ് കരുതപ്പെടുന്നത്. 11 ആം നൂറ്റാണ്ടുവരെ നികോളാസിന്റെ ഭൗതിക ദേഹം മിറയിലെ പള്ളിയില്‍ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസികള്‍ കരുതുന്നത്.
തുടര്‍ന്‍ന്ന് 1087ല്‍ ക്രിസ്ത്യന്‍ വ്യാപാരികള്‍ ദക്ഷിണ ഇറ്റലിയിലെ ബാരിയിലേക്ക് നികോളാസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കടത്തി അവിടെയുള്ള ബസിലിക് ഡി സാന്‍ നികോളയില്‍ സൂക്ഷിക്കുകയായിരുന്നു എന്നുമാണ് ഐതിഹ്യം. എന്നാല്‍, നികോളാസിന്റേത് എന്ന് കരുതി വ്യാപാരികള്‍ കടത്തിക്കൊണ്ടു പോയത് മറ്റാരുടെയോ ഭൗതിക ദേഹം ആയിരുന്നു എന്നാണ് തുര്‍ക്കിയിലെ ഗവേഷകര്‍ വാദിക്കുന്നത്. കണ്ടെത്തല്‍ വലിയൊരു നേട്ടമാണെന്നും എന്നാല്‍, ശരിക്കുള്ള ജോലി ഇനിയാണ് തുടങ്ങേണ്ടതെന്നും പര്യവേക്ഷണത്തിന് നേതൃത്വം നല്‍കിയ കെമില്‍ കാരബയ്‌റം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല