1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2011

കൃഷ്ണനും രാധയും എന്ന സിനിമയെടുത്ത് യൂട്യൂബിലെ ഹിറ്റ് താരമായി മാറിയ സന്തോഷ് പണ്ഡിറ്റ് പൊതുവേദിയിലെത്തി പാട്ടുപാടി ആടിത്തിമിര്‍ത്തപ്പോള്‍ ജനം ചിരിച്ചു വശംകെട്ടു. അപ്പോഴും പണ്ഡിറ്റ് പാട്ടു തുടര്‍ന്നു. വൈഎംസിഎ ഹാളില്‍ ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാളിന്റെ 55-ാം ജന്മദിനത്തോടനുബന്ധിച്ച്് കര്‍മശ്രേഷ്ഠ അവാര്‍ഡ് സ്വീകരിക്കാനാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. വേദിയില്‍ നടന്‍ മധു, മന്ത്രിയും നടനുമായ കെ.ബി.ഗണേഷ്കുമാര്‍, അമേരിക്കയിലെ മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഇരുന്ന പ്രൌഢവേദിയിലാണ് സന്തോഷ് പണ്ഡിറ്റും അവാര്‍ഡ് സ്വീകരിച്ചത്. അവാര്‍ഡ് സ്വീകരിച്ചശേഷം പണ്ഡിറ്റ് പ്രസംഗം തുടങ്ങിയപ്പോള്‍ ഹാളിനു പുറത്തു നിന്ന യുവാക്കളുടെ കൂട്ടം ആര്‍പ്പുവിളി തുടങ്ങി.

എല്ലാവര്‍ക്കും അറിയേണ്ടത് എവിടെ നിന്നു കിട്ടി ഈ തൊലിക്കട്ടിയെന്നാണ്. മോനേ ദിനേശാ ഈ തൊലിക്കട്ടി കിട്ടിയതെവിടന്നു ചിലര്‍ യൂ ട്യൂബിലൂടെ നേരിട്ടു ചോദിക്കുന്നു. ചെറുപ്പത്തിലേ ഭാഗവതവും വേദവും പഠിച്ചു. പിന്നീട് മന:ശാസ്ത്രവും ഹിന്ദിയും പഠിച്ചു. ഉപനിഷത്തുകള്‍ പഠിച്ചപ്പോള്‍ ഒരാള്‍ ആഗ്രഹം തീരാതെ മരിച്ചാല്‍ പുനര്‍ജനിക്കുമെന്നു മനസിലായി. സിനിമയെടുക്കണമെന്നത്് എന്റെ വലിയ ആഗ്രഹമായിരുന്നു. അതാണ് എന്റെ തൊലിക്കട്ടിക്ക് അടിസ്ഥാനം. ഉള്ളിലുള്ള ആത്മവിശ്വാസമാണ് ഉളുപ്പില്ലാത്തവനാക്കിയത്- പണ്ഡിറ്റ് പറയുന്നു. മൂന്നുമിനിട്ടുമുതല്‍ 15 മിനിട്ടുവരെ നീണ്ടുനില്‍ക്കുന്ന തെറിയാണ് പലരും വിളിക്കുന്നത്്. ഞാന്‍ കട്ട് ചെയ്തെങ്കില്‍ അയാള്‍ക്ക് വിഷമമായിപോകുമായിരുന്നു. കട്ട് ചെയ്തെങ്കില്‍ അയാളുടെ ആഗ്രഹം പൂര്‍ത്തിയാക്കുമായിരുന്നില്ലല്ലോ. ഒരാള്‍ 15 മിനിട്ട് തെറിവിളിച്ച് നിര്‍ത്തി. ഐഎസ്ഡി കോളായതിനാല്‍ കാര്‍ഡ് തീര്‍ന്നതാണ് കട്ടായിപ്പോകാന്‍ കാരണം. അയാള്‍ തെറിവിളിക്കുമ്പോള്‍ പണം പോകുന്നത് എന്റേതല്ലല്ലോ അയാളുടേതല്ലേ . അതിനാല്‍ ഞാന്‍ തെറിവിളി കേട്ടിരുന്നു.

തൊലിക്കട്ടി എവിടുന്ന് കിട്ടി എന്നാണ് എല്ലാരും ചോദിക്കുന്നത്. എന്റെ തൊലിക്കട്ടി ഈ പരുവത്തിലായതാണ്. നമുക്ക് നമ്മില്‍ ആത്മവിശ്വാസം ഉണ്ടാകണം. ഉളുപ്പില്ലാതെ നിന്നതിനാല്‍ വിജയിച്ചുവെന്ന് പറയാം. സൌന്ദര്യമില്ലാത്തയാള്‍ നായകനായത് എങ്ങനെയെന്ന ചോദ്യമാണ് എല്ലാരും ഉയര്‍ത്തുന്നത്. എത്ര സൌന്ദര്യമുണ്ടായാലും ഉള്ളില്‍ ഉള്ളത് രക്തവും കഫവുമൊക്കെ തന്നെയാണ്. മാത്രമല്ല എത്ര സൌന്ദര്യമുണ്ടായാലും മരിച്ചു കഴിഞ്ഞാല്‍ പിന്നീട് ശരീരത്തിന്റെ സൌന്ദര്യത്തില്‍ എന്താണു കാര്യം. തെറി വിളിക്കുന്നവരോട് ഇക്കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍ വിളിക്കുന്നവര്‍ പൂരത്തെറിയാണ് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാട്ടുപാടണമെന്ന് ഇതിനിടെ ഹാളിനു പുറത്തു നിന്നവര്‍ ആവശ്യപ്പെട്ടു. ഉടനേ പാട്ടു തുടങ്ങി ഗോകുലനാഥനായ് കണ്ണന്‍ രാധയുമായി ചേര്‍ന്നു നിന്നേ… പാട്ടു നിര്‍ത്തി വീണ്ടും പ്രസംഗം തുടങ്ങി. ഞാനൊരു ഗായകനല്ല. സിനിമയില്‍ പാട്ടും അഭിനയവും നിര്‍വഹിച്ചത് മന:പൂര്‍വമാണ്. എനിക്ക് ജനങ്ങള്‍ക്കിടയില്‍ ഗ്ളാമര്‍ കിട്ടണം. അതിന് പാടണം. അല്ലെങ്കില്‍ ആടണം. എനിക്ക് പ്രശസ്തിയാണ് വേണ്ടിയിരുന്നത്.

തുടര്‍ന്ന് സദസ്യര്‍ക്കായി പണ്ഡിറ്റ് ഉപദേശം നല്‍കി. പ്രശസ്തനാകണമെങ്കില്‍ ഒരു കഴിവും ഇല്ലെങ്കിലും അഭിനയിക്കണം. പാടണം. ഇതുകേട്ട് സദസ്യര്‍ തലതല്ലിചിരിച്ചു. സിനിമയിറങ്ങി രണ്ടാഴ്ച കഴിയുംമുമ്പേ അവാര്‍ഡും കിട്ടി. ഓസ്കാര്‍ കിട്ടിയാല്‍ പോലും ഇത്രയും ഹാപ്പിയില്ല. സിനിമയിലേക്ക് പൊട്ടിയിറങ്ങിയിട്ടില്ല. സിനിമയിലേക്ക്് പൊട്ടിയതേയുള്ളൂ. അപ്പോഴേക്കും അവാര്‍ഡ് കിട്ടിയെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സന്തോഷ് പണ്ഡിറ്റിനെ പരിഹാസ്യനായി കാണേണ്ടതില്ലെന്ന് മന്ത്രിയും നടനുമായ കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. ടിവിയില്‍ അഭിമുഖം കണ്ടു. താന്‍ ചെയ്യുന്നത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് പറയാനുള്ള ധൈര്യം കാണിച്ചു. ടിവി ചാനലില്‍ അഭിമുഖത്തിനിടയില്‍ കളിയാക്കിയിട്ടുപോലും അദ്ദേഹം ലൈവാകുകയാണ് ചെയ്തത്. ശുദ്ധന്റെ ഹൃദയത്തില്‍ വരുന്ന നിഷ്കളങ്കമായ അഭിപ്രായമാണത്. ഇതേപോലെ വന്ന പല സിനിമകളും ചവറ്റുകൊട്ടയിലായിട്ടുണ്ട്. ഈ സിനിമയെ ഭാഗ്യം എന്തുകൊണ്ടാ തുണച്ചു. അടൂരിന്റെ സിനിമ കാണേണ്ട മനസ്ഥിതിയിലല്ല സന്തോഷിന്റെ ചിത്രം കാണാന്‍ തിയേറ്ററിലേക്ക് പോകുന്നത്. മോഹന്‍ലാലിനെവച്ച് ആദ്യമായി സിനിമയെടുത്തയാളാണ് സിനിമാ ജീവിതം ഉപേക്ഷിച്ച് ഇപ്പോള്‍ ഏകലവ്യാശ്രമം നടത്തുന്ന സ്വാമി അശ്വതി തിരുനാള്‍. അതിനാല്‍ അദ്ദേഹം പണ്ഡിറ്റിന് അവാര്‍ഡ് നല്‍കുന്നതില്‍ അര്‍ഥമുണ്ടന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിലെ മെച്ചമായവര്‍ക്കൊപ്പം സന്തോഷ് പണ്ഡിറ്റിനും അവാര്‍ഡ് കൊടുക്കുന്നതുകേട്ടപ്പോള്‍ കേട്ടവരില്‍ പലരും തലയില്‍ കൈവച്ചുപോയതായി സ്വാമി അശ്വതി തിരുനാള്‍ പറഞ്ഞു. സന്തോഷിന്റെ ചങ്കൂറ്റത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്നും സ്വാമി വ്യക്തമാക്കി. നല്ല സിനിമ എടുത്ത പലര്‍ക്കും പ്രദര്‍ശന തല്പരത ഇല്ലെന്നും ഇത്രമാത്രം പ്രദര്‍ശന തല്പരതയുള്ള ആളായി സന്തോഷ് പണ്ഡിറ്റിനെയല്ലാതെ കണ്ടിട്ടില്ലെന്നും നടന്‍ മധു പറഞ്ഞു. ചീമുട്ട എറിഞ്ഞാലും ചീത്ത പറഞ്ഞാലും സ്വീകരിക്കുന്നയാള്‍. പടം കാണാനെത്തുന്നവര്‍ തിയേറ്ററില്‍ ഇറങ്ങി ഡാന്‍സ് ചെയ്യുന്നു. നെഗറ്റീവായാലും പോസിറ്റീവായാലും ഇങ്ങനെ ചെയ്യിക്കുന്നയാള്‍ സന്തോഷ് പണ്ഡിറ്റ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് തീര്‍ന്നതോടെ ഹാളിനു പുറത്തു നിന്ന് കൂകി വിളിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തവര്‍ അകത്തേക്കു കയറി. ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്നും മറ്റും പറഞ്ഞ് പലരും ചുറ്റുംകൂടി. സുരക്ഷാവലയം തീര്‍ത്ത് പോലീസ് വല്ലവിധേനയും പണ്ഡിറ്റിനെ പുറത്തിറക്കി. സുരക്ഷിതനായി വാഹനത്തില്‍ കയറ്റിവിട്ടപ്പോഴും കളിയാക്കാനെത്തിയവര്‍ പിരിഞ്ഞുപോകാതെ റോഡരികിലേക്ക് മാറിനിന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.