തന്നെ പെരിന്തല്‍മണ്ണയില്‍ വച്ച് ചീമുട്ടയെറിഞ്ഞതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ താരമാണെന്ന് സന്തോഷ് പണ്ഡിറ്റ്. തന്നെ പരസ്യമായി അപമാനിക്കാനും തകര്‍ക്കാനുമായിരുന്നു ഇതെന്നും സന്തോഷ് പണ്ഡിറ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചാനലുകാരെ മുന്‍കൂട്ടി വിളിച്ച് മുട്ടയേറ് ഷൂട്ട് ചെയ്തു ചാനലില്‍ കാണിക്കുകയായിരുന്നു. പി.സി.ജോര്‍ജിനു നേരേ വരെ ചീമുട്ടയേറുണ്ടായി. എന്നാല്‍ തന്നെ എറിഞ്ഞതു മാത്രം അപമാനിക്കാന്‍ വേണ്ടി പറഞ്ഞു നടക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തി. എന്നാല്‍ മുട്ടയേറുകൊണ്ട് നേട്ടമുണ്ടായെന്ന് പറയാനും സന്തോഷ് മറന്നില്ല. പിങ്ക് പര്‍പ്പിള്‍ എന്ന ഇവന്റ്മാനേജ്മെന്റ് സന്തോഷിന്റെ സ്റേജ് ഷോ ഏറ്റെടുക്കാമെന്നുളള കരാര്‍ ഇതോടെ ഒപ്പിട്ടു.
പരിപാടിയ്ക്കു ശേഷം പിറകില്‍ നിന്ന് ഒരാളാണ് ചീമുട്ടയെറിഞ്ഞത്. അത് എന്റെ പിറകില്‍ നിന്ന പൊലിസുകാരനാണു കൊണ്ടത്. മഹാത്മഗാന്ധിയെയും ഇന്ദിരാഗാന്ധിയെയും വെടിവെക്കുന്നു. അതു പോലെ എന്നെയും ആളുകള്‍ പേടിക്കുന്നു. അതാണു ചീമുട്ടയേറു കാണിക്കുന്നത്. ശ്രദ്ധിക്കണമെന്നു പറഞ്ഞ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വരുന്നുണ്ടെന്നും എന്നാല്‍ ഇതൊന്നും കാര്യമാക്കുന്നില്ലെന്നും സന്തോഷ് പറയുന്നു. മലയാള സിനിമയില്‍ പലരും തന്നെ ഭയക്കുന്നുണ്ടെന്ന് സന്തോഷ് ചൂണ്ടിക്കാട്ടി. കൃഷ്ണനും രാധയും കാണരുതെന്നാണ് പ്രമുഖ താരങ്ങളെല്ലാം എല്ലാവരോടും പറയുന്നത്. ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കാറില്ല. ഇതിനോട് എതിരാണ്. പലരും സന്തോഷ് സാറെ ഞങ്ങള്‍ ഫാന്‍സ് അസോസിയേഷന് ജില്ലാ സെക്രട്ടറിയാണെന്നുപറയുമ്പോള് നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളുവെന്ന് പറയാറുണ്ട്.
പ്രശസ്തിയിലെത്തിയതിന് ശേഷം ജിവിതത്തില്‍ മാറ്റമുണ്ടായിട്ടുണ്േടായെന്ന ചോദ്യത്തിന് അസൂയ മൂലം തനിക്ക് വിചാരിച്ച ബഹുമാനവും സ്നേഹവും ഇവിടെ കിട്ടുന്നില്ലെന്ന പരിഭവമായിരുന്നു മറുപടി. കുറച്ചു കൂടി ബഹുമാനം ഉണ്ടാകണം. കേരളത്തില്‍ ജനിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. കോമഡിക്ക് പ്രാധാന്യം നല്കി മൂന്നാമത്തെ സിനിമയായ കാളിദാസന് കവിത എഴുതുകയാണ് എന്ന സിനിമയെടുക്കുമെന്നും സന്തോഷ് പറഞ്ഞു. ചാനലുകാരും മാധ്യമപ്രവര്‍ത്തകരും തന്നെ അധിക്ഷേപിക്കുകയാണെന്ന പരാതിയും സന്തോഷ് മറച്ചുവക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ എനിക്കെതിരെയാണ്. പല മാധ്യമങ്ങളും എന്നെ ഇടിച്ചുതാഴ്ത്തുകയാണ്. അവര്‍ക്കുളള മറുപടി എന്റെ സിനിമയാണ്. ചാനലുകളിലും പത്രങ്ങളിലും എന്നെ മോശമായി ചിത്രീകരിക്കുകയാണ്.
വേറൊരു താരത്തെ കുറിച്ച് അങ്ങനെ ആരും ചെയ്യാന്‍ ധൈര്യപ്പെടില്ല.എല്ലാവരും എന്നെയാണു ലക്ഷ്യം വെയ്ക്കുന്നത്. വിജയത്തെ വിജയം എന്നുപറയാന്‍ വിമര്‍ശകര്‍ പഠിക്കണമെന്നും സന്തോഷ് ഉപദേശിക്കുന്നു. നടന് പൃഥിരാജുമായിട്ടാണ് തന്നെ കൂടുതല്‍ പേരും താരതമ്യം ചെയ്യുന്നതെന്ന് സന്തോഷ് പറയുന്നു. പൃഥ്വിരാജിനെതിരെയുളള മെസേജുകള്‍ നമ്മുടെ സംസ്കാരത്തിന് എതിരാണെന്നും അതു നിര്‍ത്തണമെന്നും സന്തോഷ് പറയുന്നു. എന്നാല്‍ പൃഥ്വിരാജിനോട് ആരാധനയില്ല. എല്ലാവരും താരതമ്യം ചെയ്ത് ഇപ്പോള്‍ അദേഹത്തോടൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല