1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2022

സ്വന്തം ലേഖകൻ: അടുത്ത സന്തോഷ് ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ സൗദി അറേബ്യയിൽ വെച്ച് നടക്കും . 2023 ഫെബ്രുവരിയിൽ റിയാദിലും ജിദ്ദയിലുമായാണ് മത്സരങ്ങൾ നടക്കുക. ഇത് സംബന്ധിച്ച സാധ്യതകള്‍ പഠിക്കുന്നതിനായി ഇന്ത്യ സൗദി ഫുട്ബാൾ ഫെഡറേഷനുകൾ തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. സന്തോഷ് ട്രോഫി ടൂർണമെൻറിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളാണ് റിയാദിലും ജിദ്ദയിലുമായി നടക്കുക.

ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയാരംഭിച്ചു. ഓള്‍ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും, സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷനും ദമ്മാമിൽ വെച്ച് ധാരണാപത്രം ഒപ്പുവച്ചു. എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ, സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ, സൗദി അറേബ്യൻ എഫ്‌.എഫ് പ്രസിഡന്റ് യാസർ അൽ മിഷാൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം അൽ കാസിം എന്നിവരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച ധാരണാപത്രം ഒപ്പുവച്ചത്.

ഇരു രാജ്യങ്ങളും തമ്മിൽ സാങ്കേതിക പിന്തുണ നൽകൽ, സ്ഥിരമായി പുരുഷന്മാർക്കും സ്ത്രീകൾക്കുമായി യുവജന മത്സരങ്ങൾ സംഘടിപ്പിക്കൽ, ഹോസ്റ്റ് ചെയ്യൽ, ഫുട്ബാൾ ഭരണ വിദഗ്ധരുടെ കൈമാറ്റം എന്നിവ ഉൾപ്പെടുന്നതാണ് കരാർ. ഇന്ത്യൻ ഫുട്ബാളിന് ഒരു പുതിയ പ്ലാറ്റ് ഫോം സൃഷ്ടിച്ച് ലോകമെമ്പാടുമുള്ള ഇന്ത്യൻ ആരാധകർക്കിടയിൽ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എ.ഐ.എഫ്.എഫ് പ്രസിഡൻറ് കല്യാൺ ചൗബെ പറഞ്ഞു. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ സജീവമായി സഹകരിക്കുന്ന സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന് അദ്ദേഹം നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.