‘രതിനിര്‍വേദം’ കേരളക്കരയില്‍ തരംഗമായതോടെ ആ ജനുസില്‍പ്പെട്ട ചെറിയ ചിത്രങ്ങള്‍ കൂടുതലായി റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആരംഭിച്ചു. പ്രേക്ഷകരെ അല്‍പ്പം ഇക്കിളിപ്പെടുത്തിയ പഴയ സിനിമകളെ വീണ്ടും അവതരിപ്പിച്ചാല്‍ ഹിറ്റാകുമെന്ന തിരിച്ചറിവില്‍ ഒട്ടേറെ നിര്‍മ്മാതാക്കളും സംവിധായകരും അങ്ങനെയുള്ള ചര്‍ച്ചകളില്‍ സജീവമായി. രാസലീല, ഇണ, ചട്ടക്കാരി തുടങ്ങിയ സിനിമകളുടെ റീമേക്ക് വരുന്നുണ്ടെങ്കിലും ഏറ്റവും വലിയ ഹിറ്റ് പ്രതീക്ഷ ‘അവളുടെ രാവുകള്‍’ റീമേക്കിനാണ്.
പ്രിയാമണി നായികയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പ്രിയാമണിയെ ഈ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കിയെന്ന് കഴിഞ്ഞ വാരമാണ് വാര്‍ത്ത വന്നത്. പ്രായം കൂടിപ്പോയതാണ് പ്രിയാമണിയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമത്രെ. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് യുവനടി സനൂഷ അവളുടെ രാവുകളില്‍ നായികയാകും. 18 വയസുകാരിയായ നായികയെ തേടിയുള്ള ഐ വി ശശിയുടെ അലച്ചില്‍ ഒടുവില്‍ സനൂഷയിലെത്തിയതായാണ് വിവരം. രാജി എന്ന അഭിസാരികയാണ് അവളുടെ രാവുകളിലെ നായികാ കഥാപാത്രം. രാജിയും അവള്‍ ജീവിക്കുന്ന സമൂഹവും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
അവളുടെ രാവുകളില്‍ സീമ അനശ്വരമാക്കിയ നായികാ കഥാപാത്രമായി സനൂഷ തിളങ്ങുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. വിനയന്‍റെ തമിഴ് ചിത്രമായ നാളൈ നമതേ, മലയാള ചിത്രമായ മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ സിനിമകളില്‍ സനൂഷ ഗ്ലാമര്‍ റോളുകളില്‍ തിളങ്ങിയിരുന്നു.
ഡേര്‍ട്ടി പിക്ചറിലൂടെ വിദ്യാ ബാലനും രതിനിര്‍വേദത്തിലൂടെ ശ്വേതാ മേനോനും നേടിയ മുന്നേറ്റം അവളുടെ രാവുകളില്‍ അഭിനയിക്കുന്നതിലൂടെ നേടാനാകും എന്ന് സനൂഷ ചിന്തിച്ചാല്‍ പുതിയ ‘അവളുടെ രാവുകള്‍’ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പ്. സീമ തന്‍റെ അര്‍ദ്ധനഗ്ന മേനി പ്രദര്‍ശിപ്പിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അവളുടെ രാവുകളുടെ പോസ്റ്ററുകളില്‍ ഉപയോഗിച്ചത്. അതേ രീതിയിലുള്ള പരസ്യങ്ങള്‍ റീമേക്കിലും പ്രതീക്ഷിക്കാം. ‘രാഗേന്ദുകിരണങ്ങള്‍…’ എന്ന ഗാനം റീമിക്സ് ചെയ്ത് അവതരിപ്പിക്കാനും ആലോചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല