സ്വന്തം ലേഖകന്‍: സ്വവര്‍ഗാനുരാഗം വെറും ശാരീരിക പ്രവണത മാത്രമാണെന്നും അത് മാറുമെന്നും ശ്രീ ശ്രീ രവിശങ്കര്‍, പ്രസ്താവനയെ വിമര്‍ശിച്ച് നടി സോനം കപൂര്‍ രംഗത്ത്. ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേയാണ് സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്. തന്റെ ലൈംഗിക കാഴ്ചപ്പാടിനെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുളളതെന്ന് ഒരു വിദ്യാര്‍ഥി ശ്രീ ശ്രീ രവിശങ്കറിനോട് ചോദിച്ചു.
‘എനിക്ക് യാതൊരു കുഴപ്പവുമില്ലെന്നു സ്വയം തോന്നിയാല്‍ മതി. നിങ്ങളെക്കുറിച്ച് മറ്റുളളവര്‍ ചിന്തിക്കുന്നതിനെക്കുറിച്ച് ബോധവാനാകേണ്ട. എനിക്ക് ഒരു രോഗവുമില്ലെന്നും യാതൊരു കുഴപ്പവുമില്ലെന്നും സ്വയം ഉറപ്പുണ്ടായാല്‍ മതി. മറ്റുളളവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നിന്നാല്‍ ആരും നിങ്ങളെ അധിക്ഷേപിക്കില്ല. പക്ഷേ സ്വയം മോശമാണെന്ന് തോന്നിയാല്‍ പിന്നെ നിങ്ങളെ ശരിയാക്കാന്‍ മറ്റാര്‍ക്കുമാവില്ലെന്നും,’ ശ്രീ ശ്രീ പറഞ്ഞു.
‘സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണത മാത്രമാണ്. അത് സ്വയം ഉള്‍ക്കൊള്ളുക. പതിയെ അത് മാറും. സ്വവര്‍ഗാനുരാഗിയായ നിരവധി യുവാക്കളെ എനിക്ക് അറിയാം. അവരില്‍ പലരും പിന്നീട് സാധാരണ യുവാക്കളെപ്പോലെയായി മാറിയെന്നും’ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
എന്നാല്‍ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി നടി സോനം കപൂര്‍ രംഗത്തെത്തി. ‘സ്വര്‍ഗാനുരാഗം ഒരു പ്രവണതയല്ല. അത് ജന്മനാ ഉണ്ടാകുന്നതാണ്. അത് മാറ്റാന്‍ കഴിയുന്നതാണ് എന്നു ആരെങ്കിലും പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും’ സോനം തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല