സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. 57 വര്‍ഷം മുന്‍പ് ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട പദ്ധതിയാണ് പൂര്‍ത്തിയാവുന്നത്. നര്‍മദയുടെ തീരത്ത് കുടിയൊഴിക്കപ്പെടുന്ന പതിനായിരങ്ങളുടെ ദേഹത്ത് ചവിട്ടിയാണ് മോദി ജന്‍മദിനം ആഘോഷിക്കുന്നതെന്നാരോപിച്ച മേധാ പട്!കര്‍ ജലസത്യാഗ്രഹം തുടങ്ങി.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1961ല്‍ തറക്കല്ലിട്ട അണക്കെട്ടാണ് മോദി അറുപത്തിഏഴാം ജന്‍മദിനത്തില്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്. നര്‍മദാ ജില്ലയിലെ കെവാഡിയില്‍ ഡാമിന്റെ ഗേറ്റുകള്‍ തുറന്നാണ് ഉദ്ഘാടനം. തുടര്‍ന്ന് അണക്കെട്ടിന് അഭിമുഖമായി സാധുബേട്ട് ദ്വീപില്‍ 182 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ മോദി സന്ദര്‍ശിക്കും. ഇന്നലെ രാത്രി അഹമ്മദാബാദിലെത്തിയ മോദി അമ്മ ഹീരാബായെക്കണ്ട് അനുഗ്രഹം വാങ്ങി.
ഗുജറാത്തിലെ ലക്ഷക്കണക്കിനുവരുന്ന കര്‍ഷകരുടെജീവിതം മാറ്റിമറിക്കുന്ന അണക്കെട്ട് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. അണക്കെട്ട് വരുന്നതോടെ 9000 ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കാനാകും. 1.2 കിലോമീറ്റര്‍ നീളത്തിലുള്ള ഡാമിന്റെ നിര്‍മാണ ചെലവ് 8000 കോടി ആണ്. പാരിസ്ഥിതിക പുനരധിവാസ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തക മേഥാ പാട്കര്‍ സുപ്രീം കോടതിയെ സമീപിച്ചതാണ് പദ്ധതി വൈകാന്‍ പ്രധാന കാരണം.
നര്‍മദാ ബച്ചാവോ ആന്തോളന്‍ ഡാമിനെതിരെ വലിയ സമരമാണ് പതിറ്റാണ്ടുകളായി നടത്തുന്നത്. ഡാം വരുന്നതോടെ വെള്ളത്തിനടിയിലാകുന്ന മധ്യപ്രദേശിലെ ദാര്‍ ബര്‍വ്വാനി ജില്ലകളിലെ ജനങ്ങളെ മറ്റുപ്രദേശങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. മോദി ഉദ്ഘാടനം നടത്തുമ്പോള്‍ താനും 36 ആളുകളും രണ്ടാം ഘട്ട ജലസത്യാഗ്രഹം നടത്തുമെന്ന് മേഥാ പാട്കര്‍ അറിയിച്ചു.
ഡാമിന്റെ ഉയരം 138.98 മീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ 177 ഗ്രാമങ്ങളിലെ നാല്പതിനായിരത്തിലധികം വീടുകളും മുപ്പതിനായിരം ഹെക്ടര്‍ കൃഷിസ്ഥലവും പൂര്‍ണമായി വെള്ളത്തിനടിയിലാകും. കൃത്യമായ പുനരധിവാസസൗകര്യങ്ങളൊരുക്കുന്നതുവരെ ഡാമിന്റെ ഉയരം 121 മീറ്ററില്‍ കൂട്ടരുതെന്ന് ആവശ്യപ്പെട്ടാണ് നര്‍മദാ ബച്ചാവോ ആന്തോളന്റെ ഇപ്പോഴത്തെ സമരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല