സ്വന്തം ലേഖകന്‍: വയനാട്ടിലും എറണാകുളത്തും സമര്‍പ്പിച്ച പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ കളികള്‍; ആരോപണവുമായി സരിത. ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നുവെന്ന് സരിത എസ്.നായര്‍. പത്രിക തള്ളിയതിനെതിരെ അപ്പീല്‍ നല്‍കുമെന്നും കേരള ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുമെന്നും സരിത അറിയിച്ചു.
പത്രിക തള്ളിയത് നല്ലതാണ് എന്നാണ് കരുതുന്നതെന്നും എനിക്കെതിരെ നടക്കുന്ന അനീതികളെ തുറന്നു കാണിക്കാന്‍ ഒരു അവസരമാണ് അത് ഒരുക്കുന്നത് എന്നും സരിത ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എറണാകുളം, വയനാട് മണ്ഡലങ്ങളിലേക്ക് മത്സരിക്കാന്‍ സരിത സമര്‍പ്പിച്ച പത്രികകളായിരുന്നു തള്ളിയത്. ശിക്ഷ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് രാവിലെ പത്തര വരെ സരിതയ്ക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ അത് ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
എന്നാല്‍ തനിക്കെതിരെ ശിക്ഷകള്‍ നിലവിലുണ്ട് എന്ന കാരണം പറഞ്ഞാണ് തന്റെ പത്രിക തള്ളിയതെന്നും ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരി അറിയിച്ചതെന്നുമാണ് സരിത പറയുന്നത്. ശിക്ഷ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് പത്രിക തള്ളാന്‍ തീരുമാനിച്ചത് എന്നാണ് പറയുന്നത്. പക്ഷെ ഇതിന് വേണ്ട രേഖകള്‍ എല്ലാം ഹാജരാക്കിയിട്ടും വരണാധികാരി പക്ഷപാതപരമായി പെരുമാറിയെന്നും സരിത പറയുന്നു.
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡനെതിരെയും മത്സരിക്കാനായിരുന്നു സരിതയുടെ നീക്കം. നേരത്തെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നായിരുന്നു സരിതയ്ക്ക് വരണാധികാരി നല്‍കിയ നിര്‍ദ്ദേശം.
സോളാര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്താകെ 303 പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ അതില്‍ 242 പത്രികകള്‍ സ്വീകരിച്ചു. വയനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത്. 22 സ്ഥാനാര്‍ത്ഥികള്‍. ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 1 5ഉം സ്ഥാനാര്‍ത്ഥികളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല