സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിതാ നായരുടെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വഴി മുട്ടുന്നു. ദൃശ്യങ്ങളുടെ ഉറവിടം സംബന്ധിച്ച തുമ്പുണ്ടാക്കാന്‍ ഇതുവരേയും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ഒന്നര മാസത്തിനു മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. അതിനു ശേഷം കേസില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ദൃശ്യങ്ങള്‍ സരിതയുടെ തന്നെ ആണോ എന്ന് സ്ഥിരീകരിക്കാന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ശാസ്ത്രീയ സംവിധാനങ്ങളുടെ അഭാവമാണ് അന്വേഷണം ഇഴയുന്നതിന് പ്രധാന കാരണം. അത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ചു മാത്രമേ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താനാവൂ.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീഡിയോ എംഎംഎസായാണ് ദൃശ്യങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ വൈറലാകുകയും റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ലോകം മുഴുവനും പ്രചരിക്കുകയുമായിരുന്നു.
ക്രൈംബ്രാഞ്ച് ദൃശ്യങ്ങളുടെ ഉറവിടം തേടി ഗൂഗിളിനെ സമീപിച്ചെങ്കിലും കേസിന് സഹായകരമായ വിവരങ്ങള്‍ ലഭ്യമായില്ലെന്നാണ് സൂചന. വാട്‌സാപ്പ് വഴി ദൃശ്യങ്ങള്‍ പങ്കു വച്ചവരുടെ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
അതേസമയം കേരളാ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് സരിതാ നായര്‍ ആരോപിച്ചത് വിവാദമായി. സോളാര്‍ തട്ടിപ്പു കേസില്‍ നേരത്തെ സരിതാ നായര്‍ ജാമ്യം നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല