ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയും പ്രസിഡന്റുമായ നിക്കോളാസ് സര്‍ക്കോസിക്ക് തിരിച്ചടി. ആദ്യഘട്ട വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ സര്‍ക്കോസി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഫ്രാന്‍കോയിസ് ഹോളണ്ടെ 29 ശതമാനം വോട്ട് നേടി ഒന്നാംസ്ഥാനത്താണ്. സര്‍ക്കോസിക്ക് 26% വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. തീവ്രവലതുപക്ഷ സാഷണല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ മാരിന് ലെ പെന്‍ 20 ശതമാനം വോട്ട് നേടി മൂന്നാമതെത്തി. തീവ്ര ഇടതുപക്ഷ നേതാവ് ഴാങ് ലുക് മെലങ്കോണ്‍ 13 ശതമാനം വോട്ടൊടെ നാലാമതും നിലയുറപ്പിച്ചു.
ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മേയ് ആറിന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ സര്‍ക്കോസിയും ഫ്രാന്‍കോയിസും വീണ്ടും ഏറ്റുമുട്ടും. നിക്കോളാസ് സര്‍ക്കോസി വീണ്ടും അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ നല്കുന്ന സൂചന. അങ്ങനെ സംഭവിച്ചാല്‍ രണ്ടാംവട്ടം അധികാരത്തിലേറാന്‍ കഴിയാതെ പോകുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാവും സര്‍കോസി. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ സെഗോലിന്‍ റോയലിനെ ആറു പോയന്റുകള്‍ക്ക് പരാജയപ്പെടുത്തി 2007ലാണ് സര്‍കോസി ഫ്രഞ്ച് പ്രസിഡന്റായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല