രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി പൊടിക്കുന്നതു കോടികള്‍. ഒരു ദിവസം ഭക്ഷണത്തിനു മാത്രമായി പതിനായിരം പൌണ്ടാണ് സര്‍ക്കോസി ചെലവഴിക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നു പുറത്തേയ്ക്കുള്ള യാത്രകള്‍ക്കായി 121 ആഢംബര കാറുകളാണ് സര്‍ക്കോസിയുടെ ശേഖരത്തിലുള്ളത്. ഇതിന്റെ എല്ലാ ചെലവുകളും വഹിക്കുന്നത് രാജ്യവും. സോഷ്യലിസ്റ് എംപി റെനെ ഡൊസെയ്റി പുറത്തിറക്കിയ ‘മണി ഫ്രം ദ സ്റ്റേറ്റ്’ എന്ന പുസ്തകത്തിലാണ് സര്‍ക്കോസിയുടെ ദുര്ചെലവുകളുടെ കണക്കുകള്‍ വിവരിക്കുന്നത്.
സ്വകാര്യ ആവശ്യങ്ങള്‍ക്കു പൊതുഖജനാവില്‍ നിന്നു പണം ചെലവഴിക്കരുതെന്ന കാര്യത്തില്‍ പോലും വിവേകബുദ്ധിയില്ലാത്ത ഭരണാധികാരിയാണ് സര്‍ക്കോസിയെന്ന് പുസ്കതത്തില്‍ പറയുന്നു. ബ്രിട്ടനിലെ രാജ്ഞിയുടേതിനേക്കാളും ചെലവാണ് സര്‍ക്കോസി കുടുംബത്തിന്റേത്. കഴിഞ്ഞയാഴ്ച ഉക്രെയിനുള്ള മകന് പിയറിയ്ക്ക് അസുഖം വന്നപ്പോള്‍ രാജ്യത്തിന്റെ പ്രെെവറ്റ് ജെറ്റില്‍ ഒരു സംഘം ഡോക്റ്റര്‍മാരെ അവിടേയ്ക്കു സര്‍ക്കോസി അയച്ചു. പിയറിയേയും കൂട്ടി ഈ സംഘം തിരിച്ചുവന്നതിനു ചെലവായത് 22000 പൌണ്ട്.
സര്‍ക്കോസിയുടെ ദുര്ചെലവുകള് വിവാദമായതോടെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വാര്‍ഷിക വിരുന്ന് റദ്ദാക്കിയിരുന്നു. ഈ വിരുന്ന് നടന്നിരുന്നെങ്കില്‍ സര്‍ക്കോസിയുടെ പേരില്‍ രാജ്യത്തിനു നഷ്ടം അഞ്ച് ലക്ഷം പൌണ്ട് വരുമായിരുന്നു. മുന്‍ഗാമിയായ ജാക്വസ് ഷിറാക്കിനുണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ ആഢംബര കാറുകളാണ് സര്‍ക്കോസി സൂക്ഷിക്കുന്നത്. വാര്‍ഷികമായി ഒരു ലക്ഷം പൌണ്ടാണ് ഇന്‍ഷ്വറന്‍സ് ഇനത്തില്‍ മാത്രം പൊതുഖജനാവില്‍ നിന്ന് സര്‍ക്കോസിയുടെ കാറുകള്‍ക്കായി ചെലവാക്കുന്നത്.
ഇന്ധനത്തിന്റെ വകയായി രണ്േടമുക്കാല് ലക്ഷം പൌണ്ട് വേറെയും. എയര്‍ബസ് എ330 എന്ന വിമാനമാണ് സ്ഥിരമായി സര്‍ക്കോസി യാത്രയ്ക്ക് ഉപയോഗിക്കുന്നത്. 300ലേറെ വരുന്ന തന്റെ യാത്രാ സംഘത്തിനു വേണ്ടിയാണ് ഇതിന്റെ ഉപയോഗം. 21.5 കോടി പൌണ്ടാണ് പൊതുജനങ്ങളുടെ കാശില്‍ നിന്ന് ഈ യാത്രയ്ക്കായി മാത്രം സര്‍ക്കോസി ചെലവാക്കുന്നത്. വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ ചെലവ് കുറയ്ക്കുക, തണുക്കുമ്പോള്‍ കൂട്ടുകയെന്ന നിലപാടാണ് സര്ക്കോസിയുടേത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല