തന്റെ പുതിയചിത്രമായ പത്മശ്രീ സരോജ് കുമാര്‍ ഉയര്‍ത്തി വിട്ട വിവാദങ്ങളെ പ്രതിരോധിയ്ക്കാനുള്ള ശ്രമത്തിലാണ് നടന്‍ ശ്രീനിവാസന്‍. ചിത്രം ലാല്‍ ആരാധകരെ ചൊടിപ്പിച്ചതോടെ സംഭവം മാധ്യമങ്ങളും ഏറ്റുപിടിച്ചു.
അതിനിടെ വിവാദമുണ്ടാവുമ്പോള്‍ പല പ്രമുഖരും ചെയ്യുന്നതു പോലെ മിണ്ടാതിരിയ്ക്കാന്‍ ശ്രീനിയും തയ്യാറല്ല. പ്രമുഖ ചാനലുകള്‍ക്കൊക്കെ നല്‍കിയ അഭിമുഖത്തിലൂടെ ശ്രീനി തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.
പത്മശ്രീ സരോജ് കുമാറിലൂടെ മലയാള സിനിമാരംഗത്ത് ഇപ്പോള്‍ നടന്നു വരുന്ന ചില കാര്യങ്ങള്‍ ഹാസ്യ രൂപേണ അവതരിപ്പിയ്ക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് ശ്രീനി പറയുന്നു.ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം വിമര്‍ശിയ്ക്കാനുദ്ദേശിച്ചല്ല ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. മോഹന്‍ലാല്‍ ചിത്രം കണ്ടാല്‍ ഇക്കാര്യം അദ്ദേഹത്തിന് ബോധ്യപ്പെടുമെന്നും ശ്രീനി.
എന്നാല്‍ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ തന്നെ ചിത്രത്തെ പറ്റി പലതും പറഞ്ഞു പരത്തിയിരിയ്ക്കുന്ന സാഹചര്യത്തില്‍ ഇനി ലാല്‍ ചിത്രം കാണാന്‍ തയ്യാറാവുമെന്ന് തനിയ്ക്കു തോന്നുന്നില്ല.താന്‍ ഇക്കാര്യം വിശദീകരിയ്ക്കാനായി ലാലിനെ വിളിച്ചിട്ട് കിട്ടിയില്ല. ചിത്രത്തിനെ കുറിച്ച് താരത്തിന് എന്തൊ തെറ്റിദ്ധാരണയുള്ളതിനാലാവും ഫോണ്‍ എടുക്കാതിരുന്നത് എന്ന് താന്‍ സംശയിക്കുന്നതായും ശ്രീനി വെളിപ്പെടുത്തി.
തന്റെ ആദ്യ ചിത്രമായ ഉദയനാണ് താരത്തില്‍ സൂപ്പര്‍താരങ്ങളെ വിമര്‍ശിയ്ക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിലെ പലകാര്യങ്ങളും താന്‍ ലാലിനോട് നേരത്തെ പറഞ്ഞിരുന്നില്ല. ഇപ്പോഴാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല