സ്വന്തം ലേഖകന്‍: കങ്കണ റണൗട്ട് റാണി ലക്ഷ്മി ഭായിയായെത്തുന്ന മണികര്‍ണികയില്‍ ചൂടന്‍ രംഗങ്ങളില്ല; വിവാദം ഭയന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. ‘സിനിമയില്‍ ബ്രിട്ടീഷുകാരുമായി പ്രണയ രംഗങ്ങളോ, പാട്ടുകളോ ഒന്നും തന്നെയില്ല. ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചിട്ടും ഇല്ല. റാണി ലക്ഷ്മി ഭായിയെക്കുറിച്ചു ജയ്ശ്രീ മിശ്ര പോലുള്ള എഴുത്തുകാരുടെ വിവാദപരാമര്‍ശങ്ങളൊന്നും സിനിമയില്‍ എവിടെയും ഉള്‍ക്കൊള്ളിച്ചിട്ടില്ല,’ നിര്‍മാതാവ് കമല്‍ ജെയ്ന്‍ പറഞ്ഞു.
സര്‍വ് ബ്രാഹ്മിണ്‍ മഹാസഭയാണ് മണികര്‍ണിക സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സിനിമയില്‍ റാണി ലക്ഷ്മിഭായിയും ബ്രിട്ടീഷ് ഏജന്റും തമ്മിലുള്ള പ്രണയരംഗങ്ങളും പാട്ടുകളും അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. ഇക്കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിന് സംഘടന പ്രതിനിധികള്‍ പരാതി നല്‍കിയിരുന്നു.
‘ബാഹുബലി’, ‘ബജ്!രംഗി ഭായ്ജാന്‍’ തുടങ്ങിയ സിനിമകള്‍ക്കു വേണ്ടി ഗവേഷണം നടത്തിയ പ്രമുഖ ചരിത്രകാരന്‍മാരെ ഉള്‍പ്പെടുത്തിയാണ് ‘മണികര്‍ണിക’ സിനിമയുടെ കഥ തയ്യാറാക്കിയത്. പ്രസൂണ്‍ ജോഷിയാണ് സിനിമയുടെ സംഭാഷണ രചന. റാണി ലക്ഷ്മി ഭായിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് സിനിമയൊരുക്കുന്നതെന്നും കമല്‍ ജെയ്ന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല