സ്വന്തം ലേഖകന്‍: ശശി തരൂരിന് മോദിയുടെ തലോടലും സോണിയയുടെ തല്ലും. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ ചൂഷണത്തിനും കോളനിവാഴ്ചയ്ക്കുമെതിരെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ശശി തരൂര്‍ എം.പി. നടത്തിയ പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ ഏറ്റുവാങ്ങിയത്.
കോളനി വാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രസംഗമാണ് പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയത്. പ്രസംഗം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയര്‍ത്തുന്നതാണെന്ന് പാര്‍ലമെന്റംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ മോദി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ശാസിച്ചതിന് തൊട്ടടുത്ത ദിവസമാണ് മോദിയുടെ പരസ്യപ്രശംസ. പ്രധാനമന്ത്രിയുടെ അഭിനന്ദനം അംഗീകാരമാണെന്ന് തരൂര്‍ പിന്നീട് പ്രതികരിച്ചു.
രണ്ടുനൂറ്റാണ്ടോളം ഇന്ത്യന്‍ സമ്പത്ത് കൊള്ളയടിച്ചാണ് ബ്രിട്ടന്‍ സാമ്പത്തികവിജയം നേടിയതെന്നായിരുന്നു ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ തരൂരിന്റെ പ്രസംഗത്തിന്റെ കാതല്‍. പ്രസംഗം നവമാധ്യങ്ങളില്‍ വൈറലാകുകയും ചെയ്തു.
വ്യാപം, ലളിത് മോദി സംഭവങ്ങളില്‍ സഭ തടസ്സപ്പെടുത്തുന്നതിനെതിരെ പ്രതികരിച്ചതിനും യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുന്നതിനുമാണ് തരൂരിനെ കഴിഞ്ഞദിവസം സോണിയാഗാന്ധി ശാസിച്ചത്. ബി.ജെ.പി.ക്കെതിരെ സഭയില്‍ ശക്തമായ നിലപാടെടുക്കുമ്പോഴെല്ലാം തരൂര്‍ ഇടങ്കോലിടുന്നു എന്നും സോണിയ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല