സ്വന്തം ലേഖകന്‍: തറയില്‍ ഉറങ്ങി ശശികല ജയില്‍വാസം തുടങ്ങിയപ്പോള്‍ വിശ്വസ്തന്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു, തമിഴ്‌നാട്ടില്‍ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയില്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പളനിസ്വാമിയും പനീര്‍സെല്‍വവും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദത്തിന് ഉന്നയിച്ചതോടെ നിയമോപദേശം തേടിയും ഏറെ ചര്‍ച്ചകള്‍ക്കും ശേഷമാണ് പളനിസ്വാമിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചത്.
എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കും. ശശികല ക്യാംപിന്റെ പ്രതിനിധിയായി മുഖ്യമന്ത്രിയായ പളനിസ്വാമി 124 എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. ശശികല ജയിലിലായതോടെ കുടുതല്‍ എം.എല്‍.എമാര്‍ മറുപക്ഷത്തേക്ക് കൂറുമാറാതെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചതാണ് ശശികല ക്യാംപിന് നേട്ടമായത്. ശശികല ക്യാമ്പിലെ പ്രമുഖരെല്ലാം പളനിസ്വാമി മന്ത്രിസഭയില്‍ ഇടംനേടിയിട്ടുമുണ്ട്.
അതിനിടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗുളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ട ശശികല ആദ്യ ദിനം ഉറങ്ങിയത് തറയില്‍. ജയിലില്‍ എ ക്ലാസ് സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ ഇത് തള്ളുകയായിരുന്നു. രാത്രി ഏഴു മണിയോടെ വനിതാ സെല്ലിലെ സഹതടവുകാര്‍ക്കൊപ്പം ശശികലയ്ക്കും ഇളവരശിക്കും അത്താഴം നല്‍കി. രണ്ട് ചപ്പാത്തി, ചോറ്, റാഗുയുണ്ട എന്നിവയാണ് കഴിക്കാന്‍ നല്‍കിയത്. കട്ടിലും ടി.വിയുമുള്ള എ ക്ലാസ് സെല്‍, 24 മണിക്കൂര്‍ ചൂടുവെള്ളം, മിനറല്‍ വാട്ടര്‍, യൂറോപ്യന്‍ ക്ലോസറ്റ് എന്നിവയായിരുന്നു ശശികലയുടെ ആവശ്യം. എന്നാല്‍, ഇത് തള്ളിയ കോടതി പകരം മൂന്ന് സാരി, പ്ലേറ്റ്, ഗ്ലാസ്, മഗ്, തലയിണ, പുതപ്പ് എന്നിവ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിയന്ത്രണം ഒരു കുടുംബം കയ്യില്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എഐഎഡിഎംകെയുടെ ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. പളനിസാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാന്‍ ഗവര്‍ണര്‍ വിദ്യാറാവു ക്ഷണിച്ചതോടെ ധര്‍മയുദ്ധം തുടരുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. ശനിയാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പനീര്‍ശെല്‍വം പക്ഷം എന്തു ചെയ്യുമെന്ന ആകാംക്ഷയിലാണ് തമിഴ്‌നാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല