സ്വന്തം ലേഖകന്‍: ‘ഞാന്‍ വെറുമൊരു കള്ളിയല്ല, ജീപ്പില്‍ കയറില്ല,’ ബംഗളുരു ജയിലില്‍ അധികൃതരുമായി ഉടക്കി ശശികല, ജയില്‍ സൗകര്യങ്ങളില്‍ അതൃപ്തി, അയല്‍വാസിയായി സീരിയല്‍ കില്ലര്‍ സയനൈഡ് മല്ലിക. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളൂരു പാരപ്പന അഗ്രഹാര ജയിലില്‍ തടവിലുള്ള എഐഡിഎംകെ നേതാവ് ശശികലക്കു ജയില്‍ അധികൃതര്‍ നല്‍കുന്നത് സാധാരണ തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍.
രാത്രി ഭക്ഷണത്തിനു റാഗിയുണ്ട കഴിക്കാന്‍ ശശികല വിസമ്മതിച്ചപ്പോള്‍ സഹോദരഭാര്യ ഇളവരശി ഇടപെടുകയും പ്രമേഹത്തെ തുടര്‍ന്നുള്ള മോശം ആരോഗ്യസ്ഥിതി മറക്കരുതെന്നു പറഞ്ഞ് അനുനയിപ്പിക്കുകയുമായിരുന്നു. ജയിലിലെ സൗകര്യങ്ങളെക്കുറിച്ച് പരാതി പുറത്തു പറഞ്ഞില്ലെങ്കിലും അവര്‍ സന്തുഷ്ടയല്ലെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. രാവിലെ പ്രഭാതസവാരിക്കൊപ്പം യോഗ ചെയ്യാനും അധികൃതര്‍ അനുവദിക്കുന്നുണ്ട്.
ജയിലിനുള്ളിലെ കെട്ടിടത്തിലേക്ക് പോകാന്‍ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ശശികല ജയില്‍ അധികൃതരോട് തട്ടിക്കയറിയതായും റിപ്പോര്‍ട്ടുണ്ട്. ‘ഞാന്‍ വെറുമൊരു മോഷ്ടാവല്ല, ഞാനൊരു ക്രിമിനലിനെ പോലെ പോലീസ് ജീപ്പില്‍ ഇരിക്കില്ല. ഞാന്‍ നടന്നുകൊള്ളാം,’ എന്ന് ശശികല പറഞ്ഞതയാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകുന്നേരം ജയിലിലെത്തിയ ശശികല വളരെ അസ്വസ്ഥയും ഹതാശയുമായിരുന്നെന്ന് ജയില്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമാണ് ശശികലയെ പോലീസ് വാഹനത്തില്‍ കയറാന്‍ പോലീസ് നിര്‍ബന്ധിച്ചത്. പോലീസ് ജീപ്പില്‍ ഇരിക്കാന്‍ മടിച്ച ശശികല നടന്നാണ് ജയിലിനുള്ളിലേയ്ക്ക് പോയത്.
ജയിലില്‍ 10/8 സെല്‍ ആണ് ശശികലയ്ക്ക് അനുവദിച്ചത്. അരഭിത്തിയുള്ള കക്കൂസും ഈ സെല്ലിന്റെ ഭാഗമാണ്. ഈ സെല്ലില്‍ അവര്‍ക്കൊപ്പം സഹോദര ഭാര്യ ഇളവരശിയുമുണ്ടായിരുന്നു. വെള്ള സാരിയായിരുന്നു ജയിലില്‍ അവരുടെ വേഷം. രാത്രിയില്‍ ശശികല അല്‍പംപോലും ഉറങ്ങിയില്ല. ഇളവരശിയുമായി ഇടയ്‌ക്കെപ്പോഴോ സംസാരിച്ചതല്ലാതെ മറ്റാരോടും ഒരു വാക്കുപോലും അവര്‍ മിണ്ടിയില്ല. ശശികലയുടെ തൊട്ടടുത്ത സെല്ലില്‍ കിടക്കുന്നതാകട്ടെ ഒരു കൊടും ക്രിമിനല്‍. ആറു സ്ത്രീകളെ വിഷം നല്‍കി കൊന്നകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സയനൈഡ് മല്ലികയാണ് ശശികലയുടെ അടുത്ത സെല്ലില്‍ കിടക്കുന്നത്.
വിചാരണ കോടതി വധശിക്ഷ വിധിച്ചു എങ്കിലും മേല്‍ കോടതിയില്‍ നല്‍കിയ അപ്പിലിന്റെ ഫലമായി മല്ലികയുടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയായിരുന്നു. ശശികല ജയിലില്‍ എത്തിയ ആദ്യ ദിവസം മല്ലിക ശശികലയോടു സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശശികല അവരെ ശ്രദ്ധിച്ചതേ ഇല്ല. എന്നാല്‍ മല്ലികയുടെ ഒപ്പം ഉണ്ടായിരുന്ന തടവുകാരിയെ നോക്കി ശശികല പുഞ്ചിരിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല