സ്വന്തം ലേഖകന്‍: സാത്താന്റെ കുഞ്ഞെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ഉപേക്ഷിച്ച നൈജീരിയന്‍ കുരുന്നിന് ജീവകാരുണ്യ പ്രവര്‍ത്തക ദൈവമായി. സാത്താന്‍ കുഞ്ഞെന്ന് ആരോപിച്ച് നൈജീരിയന്‍ കുടുംബം മരിക്കാന്‍ വിട്ട രണ്ടു വയസ്സുകാരനാണ് ഡാനിഷ് ജീവകാരുണ്യ പ്രവര്‍ത്തകയായ അഞ്ജാ റിംഗ്രന്‍ ലോവന്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.
ജീവകാരുണ്യ പ്രവര്‍ത്തക തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ട് ചിത്രം ഏവരേയും ഞെട്ടിക്കുന്നതാണ്. അന്ധവിശ്വാസത്തിന്റെ ബലിയാടായി ഉപേക്ഷിക്കപ്പെട്ട കുട്ടി എട്ടു മാസമായി വഴിയാത്രക്കാര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം കഴിച്ചാണ് പിടിച്ചു നിന്നത്. ഭക്ഷണമില്ലാതെ മെല്ലിച്ച് പുഴുവരിച്ച നിലയില്‍ നഗ്‌നനായി തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന കുഞ്ഞിനെ ജനുവരി 31 ന് ലോവന്‍ കണ്ടെത്തുകയായിരുന്നു.
ദയനീയമായ അവസ്ഥയിലായിരുന്ന കുട്ടിയെ ലോവന്‍ ആഹാരവും വെള്ളവും നല്‍കിയ ശേഷം അവനെ ഒരു ബ്‌ളാങ്കറ്റ് കൊണ്ട് പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ നല്‍കി അവന്റെ ചികിത്സക്കും സഹായത്തിനുമായി കരുണയുള്ളവരുടെ സഹായത്തിനായുള്ള ശ്രമത്തിലാണ് ലോവനിപ്പോള്‍.
അന്ധവിശ്വാസങ്ങളുടെ ഭാഗമായി സാത്താന്‍ ആരോപണത്തില്‍ പെട്ട് പതിനായിര കണക്കിന് കുട്ടികള്‍ പീഡനത്തിനും അപമാനത്തിനും ദിനംപ്രതി ഇരയാകുന്നതായി ഇവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അന്ധവിശ്വാസങ്ങള്‍ക്ക് ഇരയായി അഫ്രിക്കയില്‍ സ്വന്തം കുടുംബത്താല്‍ തന്നെ ഉപേക്ഷിക്കപ്പെടുകയും മരിക്കാന്‍ വിടുകയും ചെയ്യപ്പെടുന്ന കുട്ടികളെ സഹായിക്കുന്ന ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എഡ്യൂക്കേഷന്‍ ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെ ഭാഗമായിട്ടാണ് ലോവന്‍ നൈജീരിയില്‍ എത്തിയത്.
ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് ഹോപ്പ് എന്നൊരു പുതിയ പേരും നല്‍കിയിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെട്ട ഹോപ്പ് ഇപ്പോള്‍ തങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്നും സ്വന്തം മകനൊപ്പം കളിക്കുന്നുണ്ടെന്നും ലോവന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല