സ്വന്തം ലേഖകന്‍: പാലാ കര്‍മ്മലീത്ത കോണ്‍വെന്റിലെ സിസ്റ്റര്‍ അമല വധം, പ്രതി സതീഷ് ബാബുവിനെ കുടുക്കിയത് ജ്യേഷ്ഠനുമായി നടത്തിയ മൊബൈല്‍ ഫോണ്‍ സംഭാഷണം. സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്ത് വന്നു.
ഹരിദ്വാര്‍ അയ്യപ്പമന്ദിരം ഗസ്റ്റ് ഹൗസില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 10 നാണ് പ്രതി സതീഷ് ബാബു മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ ജ്യേഷ്ഠനെ വിളിച്ചത്. നാല് മിനിട്ട് 12 സെക്കന്‍ഡ് നീണ്ട ഈ സംഭാഷണം പൊലീസ് സൈബര്‍ സെല്‍ ചോര്‍ത്തി.
ക്രൂരമായ കൊലനടത്തി മുങ്ങിയ പ്രതി ഈ സംഭാഷണത്തില്‍, താനൊരു ‘ഗുലുമാലും’ ചെയ്തിട്ടില്ലെന്ന് പറയുന്നു. തന്റെ ഫോണ്‍ പൊലീസ് ചോര്‍ത്തുന്നോ എന്ന് ഭയപ്പെടുന്നുണ്ടെന്നും പറയുന്നുണ്ട്. സംഭാഷണം ഇങ്ങനെ:
സതീഷ്: ഹലോ…
ഹലോ…
സതീഷ്: നീ എവിടെയാ?
ജ്യേഷ്ഠന്‍: ഞാന്‍ വീട്ടിലുണ്ട്
സതീഷ്: ഞാന്‍ ഇവിടെ ഹരിദ്വാര്‍ വരെ വന്നതായിരുന്നു. അപ്പോ ഇവിടുന്നു ചെറിയ തട്ടുകേടൊക്കെ പറ്റി. അത് പുള്ളി (ഹരിദ്വാര്‍ ക്ഷേത്രത്തിലെ പൂജാരി വിഷ്ണുനമ്പൂതിരി) പറഞ്ഞായിരുന്നോ?
ജ്യേഷ്ഠന്‍: ഇല്ല
സതീഷ്: എന്തു പറഞ്ഞു?
ജ്യേഷ്ഠന്‍: എന്നോടൊന്നും പറഞ്ഞില്ല. എന്തേ പോക്കറ്റടിച്ചു പോയി?
സതീഷ്: ഇവിടെ ഇപ്പോ സത്യന്‍ ചേട്ടന്‍ എന്നു പറഞ്ഞ് കേരളത്തിലുള്ളൊരു പുള്ളിയെ കണ്ടു. പുള്ളീടെ കൂട്ടത്തില്‍ റൂമിലാ…
ജ്യേഷ്ഠന്‍: നിന്റെ അടുത്ത് ആരുണ്ട്?
സതീഷ്: ആരുമില്ല, എന്തേ?
ജ്യേഷ്ഠന്‍: നിന്നെ അന്വേഷിച്ച് ഇപ്പോള്‍ പത്ത് പ്രാവശ്യം പൊലീസ് ഇവിടെ വന്നു.
സതീഷ്: എവിടെ വന്നു?
ജ്യേഷ്ഠന്‍: ഇവിടെ വന്നു, കോട്ടയത്തുനിന്ന്. എന്തേ സംഭവമെന്തേ?
സതീഷ്: അറിയില്ല.
ജ്യേഷ്ഠന്‍: ങേ?
സതീഷ്: അറിയില്ല.
ജ്യേഷ്ഠന്‍: നീ എന്തിനാ അങ്ങോട്ടിപ്പോള്‍ പോയത്. നീ എന്നോടെന്താ പറഞ്ഞത്, ഇങ്ങോട്ടു വരുമെന്നല്ലേ?
സതീഷ്: എപ്പഴാ വന്നത് (എപ്പോഴാണ് പൊലീസ് വന്നത്)
ജ്യേഷ്ഠന്‍: ഇപ്പോള്‍ നാലഞ്ചു പ്രാവശ്യം വന്നു.
സതീഷ്: വീട്ടില്‍ വന്നോ?
ജ്യേഷ്ഠന്‍: വീട്ടിലും വന്നു. അവിടെ പേട്ടയിലുള്ള (ഈരാറ്റുപേട്ട) മുഴുവന്‍ ആള്‍ക്കാരെയും പൊക്കിയിട്ടുണ്ട്. സംഭവം എന്തേ… എന്തേ സംഭവമെന്ന് പറഞ്ഞില്ല.
ജ്യേഷ്ഠന്‍: എന്നോടു കാരണമൊന്നും പറഞ്ഞില്ല. അന്വേഷിച്ചു വന്നിട്ട് നിന്റെ ഫോട്ടോയൊക്കെ മേടിച്ചുകൊണ്ടു പോയി.
സതീഷ്: അവിടെ പേട്ടയിലുള്ള ആരെ?
ജ്യേഷ്ഠന്‍: എല്ലാരെയും. രാജിയെയും രഞ്ജിയെയും അരുണിനെയും എല്ലാം പിടിച്ചുകൊണ്ടു പോയന്നാ പറയുന്നത്.
സതീഷ്: അതേയോ, എന്താണെന്ന് അറിയില്ല.
ജ്യേഷ്ഠന്‍: എന്താണെന്ന് അറിയാതെ എല്ലാരെയും പിടിക്കുമോ?നിന്റെ ഫോണ്‍ എന്തിയേ?
സതീഷ്: അത് അവിടുന്ന് മിസായി പോയതല്ലേ.
ജ്യേഷ്ഠന്‍: നീ എന്തെങ്കിലും ഗുലുമാല്‍ ഒപ്പിച്ചിട്ടുണ്ടോ…
സതീഷ്: ഇല്ലന്ന്. അങ്ങനത്തേ ഒന്നുമില്ല.
ജ്യേഷ്ഠന്‍: പിന്നേന്തേ?
സതീഷ്: എന്താണെന്നറിയില്ല.
ജ്യേഷ്ഠന്‍: നീ ഒരു ആശുപത്രിയില്‍ പോയോ, കഴിഞ്ഞയാഴ്ച അരുണെന്നു പറയുന്ന ഒരുത്തനെ കാണാന്‍?
സതീഷ്: പോയി… അരുണല്ല കിരണ്‍.
ജ്യേഷ്ഠന്‍: ഏത് ആശുപത്രിയാ?
സതീഷ്: ചെറുപുഷ്പം.
ജ്യേഷ്ഠന്‍: നീ അവിടുന്ന് എപ്പഴാ രാത്രിക്ക് വന്നത്?
സതീഷ്: അവിടുന്ന് ഡിസ്ചാര്‍ജ് ആയല്ലോ കിരണ്‍. അന്നേരം തന്നെ ഡിസ്ചാര്‍ജായിരുന്നല്ലോ.
ജ്യേഷ്ഠന്‍: കിരണ്‍ ഡിസ്ചാര്‍ജ് ആയില്ലെന്നാണല്ലോ പൊലീസുകാര് പറഞ്ഞത്?
സതീഷ്: ഹേ കിരണ്‍ ഡിസ്ചാര്‍ജ് ആയി. കിരണിനോടു ചേദിച്ചാല്‍ അറിയാമല്ലോ.
ജ്യേഷ്ഠന്‍: നീ എന്നിട്ട് തിരുവല്ലയ്ക്കു പോയിട്ട് ഓന്റെ ഫോണില്‍ ഏതോ ലാന്‍ഡ് ഫോണില്‍ വിളിച്ചിട്ട് പാലായില്‍ എന്തെങ്കിലും വിശേഷമുണ്ടോ എന്നു ചോദിച്ചോ?
സതീഷ്: ഇല്ല. അല്ല ഇതൊക്കെ ആരു പറഞ്ഞിത്..
ജ്യേഷ്ഠന്‍: ഇതെല്ലാം പാലായില്‍ നിന്നുവന്ന പൊലീസുകാര് പറഞ്ഞതാ. എനക്കറിയില്ല, ഞാന്‍ സംഭവം അറിയില്ല. അതുകൊണ്ട് എന്നോട് പറഞ്ഞിട്ടേയില്ല. ഒരു കേസില്‍ നിന്നെ സംശയം ഉണ്ട്. ഫോട്ടോ കിട്ടിയേ പറ്റു എന്നു പറഞ്ഞു. സി.ഐ അടക്കം വന്നു. ഇവിടുത്തെ (കാസര്‍കോട്ടെ) സി.ഐയാണ് വന്നത്. അവിടുത്തെ (പാലായിലെ) പൊലീസുകാരേ വന്നുള്ളു. ഇവിടുത്തെ സിഐയും എസ്‌ഐയും ഒക്കെയുണ്ടായിരുന്നു. നിന്നെ കിട്ടിയേ പറ്റൂ. എന്നെ മൂന്നു മൂന്നുമണിക്കൂര്‍ സ്‌റ്റേഷനില്‍ പിടിച്ചു വച്ചു. നിന്നെ വിളിച്ചാല്‍ കിട്ടാത്തതുകൊണ്ട് സംഭവം അറിയാന്‍ വഴിയില്ല. അതുകൊണ്ട് ഫോട്ടോ കിട്ടിയേ പറ്റൂ എന്നു പറഞ്ഞു. അല്ലെങ്കില്‍ വീടു പരിശോധിക്കുമെന്ന് പറഞ്ഞ് ഫോട്ടോ മേടിച്ചു. എന്താണ് ഇത്ര സംഭവം. സാധാരണ അടിപിടിക്കേസൊന്നുമല്ല.
സതീഷ്: എനിക്കറിയില്ല. പാലക്കാട് മറ്റേ കേസിന്റെ വാറന്റായിരിക്കും
ജ്യേഷ്ഠന്‍: പാലക്കാട് വാറന്റൊന്നുമല്ല. പേട്ടയില്‍നിന്നു പാലാ ഡിവൈ.എസ്. പി അച്ഛനെ വിളിച്ചിരുന്നു. വാറന്റ് കേസില്‍ ഇതിനിടയ്ക്ക് പാലക്കാട്ടുനിന്നും ഒരു പൊലീസുകാരന്‍ വന്നിട്ടു പോയതേയുള്ളൂ. പിന്നെ ഒന്നരമാസത്തിനിടയില്‍ ചറപറ പൊലീസുകാര്‍ വരില്ല. എന്തേ കേസേന്തേ?
സതീഷ്: എനിക്കറിയില്ല. അതിനേക്കുറിച്ച് വിശദമായിട്ട് അറിയില്ല. എന്തായാലും ഞാന്‍ അങ്ങോട്ടു വരുകയാ
ജ്യേഷ്ഠന്‍: എപ്പോ?
സതീഷ്: ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്ന് നാളയോ മറ്റന്നാളോ ആയിട്ടു കേറും (ട്രെയിനില്‍ പുറപ്പെടും). ഈ നമ്പര്‍ കൊടുക്കണ്ട കേട്ടോ. നീ എന്നാല്…
ജ്യേഷ്ഠന്‍: ങേ?
സതീഷ്: ഈ നമ്പര്‍ കൊടുക്കേണ്ടേന്ന്.
ജ്യേഷ്ഠന്‍: ഈ നമ്പര്‍ പൊലീസുകാര്‍ എന്റെ ഫോണില്‍ ചെക്കു ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല.
എന്നോടു പറഞ്ഞത് വിളിച്ച് അറിയിക്കണമെന്നാണ്.
(പൊലീസ് ഫോണ്‍ ചെക്ക് ചെയ്യുന്നുണ്ടാകും എന്നു പറഞ്ഞതോടെ സതീഷ് ഫോണ്‍ കട്ടാക്കുകയും ചെയ്തു).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല