സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി. കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പെടുത്താതെ ഇന്ത്യ, പാക് സംഭാഷണം മുന്നോട്ടു പോകില്ലെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവായ അസീസ് പറഞ്ഞു.
റഷ്യയില്‍ കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ, പാക് പ്രധാനമന്ത്രിമാരുടെ കുടിക്കാഴ്ചക്ക് ശേഷം ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിദേശകാര്യ ഉപദേഷ്ടാവ്. പ്രഖ്യാപിത തത്വങ്ങളില്‍ അന്തസ്സോടെ ഉറച്ചു നിന്നുള്ള നിലപാടാണ് ചര്‍ച്ചയില്‍ പാകിസ്താന്‍ സ്വീകരിച്ചതെന്ന് അസീസ് പറഞ്ഞു. അക്കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും പാകിസ്താന്‍ ചെയ്തിട്ടില്ല.
കശ്മീരിലെ സഹോദരങ്ങള്‍ക്ക് രാഷ്ട്രീയവും ധാര്‍മികവും നയതന്ത്രപരവുമായ പിന്തുണ തുടര്‍ന്നും നല്‍കുമെന്നും സര്‍താജ് അസീസ് പറഞ്ഞു. സ്വയം നിര്‍ണയാവകാശത്തിനുള്ള കശ്മീരികളുടെ ആവശ്യം ആനുകൂല്യമല്ല. അവരുടെ നിയമപരമായ എല്ലാ സമരത്തിനൊപ്പവും പാകിസ്താന്‍ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ തീവ്രവാദ ആക്രമണക്കേസ് വിചാരണ പൂര്‍ത്തിയാക്കണമെങ്കില്‍ ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ നവാസ് ശരീഫ്, നരേന്ദ്ര മോദിയെ അറിയിച്ചതായി അസീസ് വെളിപ്പെടുത്തി. മുംബൈ തീവ്രവാദ ആക്രമണ കേസിന്റെ സൂത്രധാരനെന്ന് കരുതുന്ന സകീയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ പങ്ക് തെളിയിക്കുന്നതിന് ഇന്ത്യ ഇനിയും തെളിവുകള്‍ നല്‍കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അസീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല