സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്രസഭയിലെ രണ്ടാമനായി ഇന്ത്യന്‍ നയതന്ത്ര വിദഗ്ദനായ സത്യ എസ് ത്രിപാഠി. മുതിര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്ര വിദഗ്ധനുമായ സത്യ എസ്. ത്രിപാഠി ഐക്യരാഷ്ട്ര സഭ അസിസ്റ്റന്റ് സെക്രട്ടറി ജനറലായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ (യു.എന്‍.ഇ.പി) ന്യൂയോര്‍ക് ഓഫിസ് മേധാവിയും ഇദ്ദേഹമായിരിക്കുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.
ട്രിനിഡാഡ്ടുബേഗോ സ്വദേശി എലിയട്ട് ഹാരിസിന്റെ പിന്‍ഗാമിയായാണ് ത്രിപാഠി ചുമതലയേല്‍ക്കുന്നത്. 2017 മുതല്‍ യു.എന്‍.ഇ.പിയുടെ സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയുടെ മുതിര്‍ന്ന ഉപദേശകനായിരുന്നു. വികസന സാമ്പത്തിക ശാസ്ത്രജ്ഞന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ 35 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ത്രിപാഠി 1998 മുതല്‍ യു.എന്നില്‍ ജോലി ചെയ്യുകയാണ്.
യു.എന്നിനുവേണ്ടി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ വന്‍കരകളിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുസ്ഥിര വികസനം, മനുഷ്യാവകാശം, ജനാധിപത്യ പരിപാലനം, നിയമകാര്യം എന്നീ മേഖലകളില്‍ വിദഗ്ദനായ സത്യ എസ് ത്രിപാഠി നിയമത്തിലും കോമേഴ്‌സിലും ഉന്നത ബിരുദങ്ങളും നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല