1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2023

സ്വന്തം ലേഖകൻ: ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലബാറിലെ പ്രവാസികളും ഉംറ തീര്‍ത്ഥാടകരും ഏറ്റവുമധികം ആശ്രയിച്ചിരുന്ന സര്‍വീസാണിത്.

നിലവില്‍ സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. ജിദ്ദ, റിയാദ്, ദമ്മാം ഉള്‍പ്പെടെ സൗദിയുടെ ഏതാനും ഭാഗങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് ചെറിയ വിമാനങ്ങള്‍ കണക്ഷന്‍ സര്‍വീസ് മാത്രമാണ് നടത്തുന്നത്. ഇത് ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെയും മക്കയിലേക്കുള്ള തീര്‍ത്ഥാടകരേയും ദോഷകരമായി ബാധിക്കാന്‍ തുടങ്ങിട്ട് കാലങ്ങളായെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം നേരിട്ടുള്ള സര്‍വീസിന് അനുമതി നല്‍കുന്നില്ല.

നേരിട്ട് സര്‍വീസ് ഇല്ലാത്തതും ചെറിയ വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുകയും ചെയ്യുന്നതിനാല്‍ അടിയന്തര ചികിത്സ വേണ്ട രോഗികള്‍ക്കും അപകടം സംഭവിച്ചവര്‍ക്കും വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. പ്രവാസികളുടെ മൃതദേഹം കൊണ്ടുപോകുന്നതിനും കാലതാമസം നേരിടുന്നു.

യാത്രാസൗകര്യം പരിഗണിച്ച് സൗദി എയര്‍ലൈന്‍സ്് കോഴിക്കോട് സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി യോഗം ആവശ്യപ്പെട്ടു. നേരത്തെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് നടത്തിയിരുന്നതിനാല്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും വലിയ ആശ്വാസമായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.