സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്ന് വിരലടയാളം രേഖപ്പെടുത്തി നാടുകടത്തുന്നവര്‍ക്ക് മടങ്ങി വരാന്‍ മൂന്നു വര്‍ഷം വിലക്ക്, കഴിഞ്ഞ പൊതുമാപ്പില്‍ നാടുകടത്തിയവര്‍ക്ക് വിലക്കില്ല. വിവിധ കാരണങ്ങളാല്‍ സൗദിയില്‍നിന്നും വിരലടയാളം രേഖപ്പെടുത്തി നാടു കടത്തപ്പെടുന്നവര്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് മൂന്ന് വര്‍ഷമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ പൊതുമാപ്പില്‍ നാടകടത്തപ്പെട്ടവര്‍ക്ക് വീണ്ടും സൗദിയിലേക്കു വരുന്നതിന് വിലക്കില്ലെന്നും ജവാസാത്ത് വ്യക്തമാക്കി.
സ്‌പോണ്‍സറില്‍നിന്നും വിട്ടുപോകുന്നവരെ ഹുറൂബാക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നും വിരലടയാളം രേഖപ്പെടുത്തിയാണ് നാടുകടത്താറുള്ളത്. അത്തരത്തിലുള്ളവര്‍ക്ക് മൂന്നുവര്‍ഷത്തെ വിലക്കാണ് വീണ്ടും സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ളത്. അതേസമയം ഒരിക്കല്‍ ലഭിച്ച എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് ജവാസാത് അറിയിച്ചു. മാറ്റം ആവശ്യമുള്ളവര്‍ അദൃത്തെ എക്‌സിറ്റ്. റീ എന്‍ട്രി വിസ ക്യാന്‍സല്‍ ചെയത് വീണ്ടും പുതിയ എക്‌സിറ്റ്, റീ എന്‍ട്രി വിസക്ക് അപേക്ഷിക്കണം.
ഇത്തരം ഘട്ടങ്ങളില്‍ ആദ്യത്തെ എക്‌സിറ്റ്, റീ എന്‍ട്രി വിസക്കടച്ച തുക തിരിച്ച് നല്‍കില്ല. പുതിയ എക്‌സിറ്റ്, റീ എന്‍ട്രി വിസക്ക് ഫിസ് നല്‍കുകയും വേണമെന്നും സൗദി ജവാസാത് അറിയിച്ചു. കഴിഞ്ഞ പൊതുമാപ്പ് കാലയളവില്‍ ‘ഹുറൂബാക്കപ്പെട്ടവരെ’ വിരലടയാളം രേഖപ്പെടുത്തിയാണ് നാട്ടിലേക്ക് കയറ്റി അയച്ചത്. ഇവരുടെയൊക്കെ വിവരങ്ങള്‍ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ എക്‌സിറ്റ് എന്നാണ് രേഖപ്പെടുത്തിയത്. അതിനാല്‍ പൊതുമാപ്പ് കാലയളവില്‍ നാടുകടത്തപ്പെട്ടവര്‍ക്ക് വീണ്ടും സൗദിയിലേക്കു വരുന്നതിന് വിലക്കില്ലെന്ന് ജവാസാത്ത് പറഞ്ഞു.
അതേസമയം സൗദി വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരു മാസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പ് ഈ മാസം 16ന് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ഈ വര്‍ഷം മാര്‍ച്ച് 29 മുതല്‍ മൂന്നു മാസം നീണ്ടു നിന്ന പൊതുമാപ്പ് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഇത് ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു ജൂലൈ മാസം അവസാനിച്ചിരുന്നു. എന്നാല്‍ ഫൈനല്‍ എക്‌സിറ്റ് നേടിയ നിരവധി ആളുകള്‍ക്ക് രാജ്യം വിടാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്ക് രാജ്യം വിടാന്‍ അനുമതി നല്‍കണമെന്നും പൊതുമാപ്പ് ദീര്‍ഘിപ്പിക്കണമെന്നും ചില എംബസികള്‍ സൗദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല