സ്വന്തം ലേഖകന്‍: സൗദി അറേബ്യ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, രേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.സൗദിയിലെ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്.
ലംഘകരില്ലാത്ത രാജ്യം എന്നു പേരിട്ട മൂന്ന് മാസത്തെ കാമ്പയിന്റെ ഭാഗമായാണ് പൊതുമാപ്പ്. തൊഴില്‍, ഇഖാവ് നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍, ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തന്‍ അവസരം.
റബജ് ഒന്നുമുതല്‍ (മാര്‍ച്ച് 29) റമദാന്‍ അവസാനം വരെയാണ് പൊതുമാപ്പ് കാലയളവ്. ഈ കാലയളവില്‍ പിഴ, ശിക്ഷ, തടവ് ഇല്ലാതെ രാജ്യം വിടാം. നാട്ടിലേക്ക് പോകുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേയ്ക്ക് തിരികെ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഇതുമൂലം പുതിയ വീസയില്‍ വീണ്ടും സൗദിയില്‍ വരുന്നതിന് ഇവര്‍ക്ക് തടസ്സമുണ്ടാകില്ല. പൊതുമാപ്പ് പ്രഖ്യാപിച്ച് 90 ദിവസത്തിനകം സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളില്‍നിന്ന് ഒഴിവാക്കുക.
ഹജ്, ഉംറ വീസകളിലും സന്ദര്‍ശക വീസയിലും സൗദിയില്‍ എത്തി വീസാ കാലാവധിക്കുശേഷം അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്കു വിമാനത്താവളങ്ങളിലും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളിലെ ജവാസാത്ത് (പാസ്‌പോര്‍ട്ട് വിഭാഗം) കൗണ്ടറുകളില്‍നിന്ന് ഫൈനല്‍ എക്‌സിറ്റ് നല്‍കും. വിരലടയാളവും കണ്ണടയാളവും പരിശോധിച്ചു കേസുകളുമായും മറ്റും ബന്ധപ്പെട്ടു സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചു വരുന്നവരല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാകും നിയമലംഘകര്‍ക്ക് എക്‌സിറ്റ് നല്‍കുക.
പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നിയമ ലംഘകര്‍ക്കെതിരെ സുരക്ഷാ വകുപ്പുകള്‍ രാജ്യമെങ്ങും ശക്തമായ റെയ്ഡുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഴുവന്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരേയും കണ്ടെത്തി രാജ്യത്തിനു പുറത്താക്കുക എന്ന സര്‍ക്കാന്‍ നയത്തിന്റെ ഭാഗമായാണിത്. സൗദിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി ലക്ഷക്കണക്കിന് പ്രവാസികളാണ് രാജ്യം വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല