സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയുടെ കേന്ദ്രബിന്ദുവായി അല്‍ ജസീറ, സൗദിയും അല്‍ ജസീറയും തമ്മിലെന്താണ് ഇത്ര വിരോധം? ഖത്തറും സൗദിയും സഖ്യ കക്ഷികളും തമ്മിലുള്ള പ്രതിസന്ധി പുതിയ തലത്തിലേയ്ക്ക് നീങ്ങുമ്പോള്‍ ശ്രദ്ധാ കേന്ദ്രമാകുന്നത് ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനല്‍ അല്‍ ജസീറയാണ്. സമവായത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടു വച്ച 13 ആവശ്യങ്ങളില്‍ പ്രധാനം അല്‍ ജസീറ അടച്ചു പൂട്ടണമെന്നാണ്.
ഈ 13 ആവശ്യങ്ങളും ഖത്തര്‍ അംഗീകരിച്ചില്ലെങ്കില്‍ ഖത്തറുമായുള്ള ബന്ധം പൂര്‍ണമായി വിച്‌ഛേദിക്കുമെന്നാണ് യുഎഇ ഭീക്ഷണി മുഴക്കിയിരിക്കുന്നത്. അറബ് രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധി പരിഹരിക്കാന്‍ യുഎന്‍ ഇടപെടാമെന്ന് സന്നദ്ധത പ്രകടിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് അല്‍ജസീറ പൂട്ടണമെന്ന ആവശ്യമടക്കം 13 ഉപാധികളുമായി അറബ് രാഷ്ട്രങ്ങള്‍ ഖത്തറിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇത് തങ്ങള്‍ക്കെതിരായ ഗൂഡാലോചനയാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള നീക്കമാണെന്നും അല്‍ ജസീറ പ്രതികരിച്ചിട്ടുണ്ട്.
ഖത്തറില്‍ നിന്നുള്ള ഈ മാധ്യമ ഭീമനെതിരെ സൗദി അടക്കമുള്ള അറബ് രാഷ്ട്രങ്ങളുടെ ശത്രുതയ്ക് അല്‍പ്പം പഴക്കമുണ്ട്. അല്‍ ജസീറയിലെ ജനപ്രിയ ഫോണ്‍ ഇന്‍ പരിപാടി ആയിരുന്ന ശരിയയും ജീവിതമാണ് ഇതിന്റെ തുടക്കമെന്ന് കരുതപ്പെടുന്നു. റെക്കോര്‍ഡ് ജനപ്രീതിയാര്‍ജിച്ച ഈ പരിപാടിയുടെ അവതാരകന്‍ ഈജിപ്ഷ്യന്‍ മതപുരോഹിതനും മുസ്ലീം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവുകമായ യുസഫ് ഖദരാവിയായിരുന്നു. വിശ്വാസവുമായി ബന്ധമുള്ള ഏതു ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്രമായിരുന്നു ഈ പരിപാടിയുടെ ആകര്‍ഷണം.
മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള അറബ് രാജ്യത്ത് ഈ തുറന്ന പരിപാടി വന്‍ വിജയമാകുകയും ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയും ചെയ്തതോടെ സൗദിയും മറ്റ് അറബ് രാജ്യങ്ങളും മുഖം കറുപ്പിക്കാനും തുടങ്ങി. പരിപാടി നല്‍കുന്ന സ്വാതന്ത്ര്യവും അതിനു കിട്ടിയ ജനപ്രതീതിയും സ്വീകാര്യതയും സൗദിയെ ചൊടിപ്പിച്ചു. അറബ് വംശജരുടെയും ലോക മുസ്ലീങ്ങളുടേയും വിഷയങ്ങളില്‍ അല്‍ ജസീറ ശക്തമായ മാധ്യമ ഇടപെടലുകള്‍ നടത്തിത്തുടങ്ങിയതോടെ ശത്രുത രൂക്ഷമായി.
2006 ല്‍ അറബ് ലോകത്തെ 75 ശതമാനത്തിലധികം ആളുകളും പ്രിയപ്പെട്ട വാര്‍ത്ത മാധ്യമമായി അല്‍ ജസീറയെ തിരഞ്ഞെടുത്തു. 2008 ഗാസ യുദ്ധകാലത്ത് ഏറ്റവും മികച്ച റിപ്പേര്‍ട്ടുകള്‍ നല്‍കിയതും അല്‍ ജസീറയായിരുന്നു. അതോടെ അല്‍ ജസീറ മുസ്ലീം ബ്രദര്‍ഹുഡിനേയും ഇസ്ലാമിസ്റ്റുകളേയും പിന്തുണയ്ക്കുന്നു എന്ന ആരോപണവുമായയി സൗദി രംഗത്തെത്തി. ചാനല്‍ ഖത്തറിന്റെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നു എന്നായിരുന്നു മറ്റൊരു ആരോപണം. തുടര്‍ന്ന് പടിപടിയായി വഷളായ ബന്ധമാണ് ഇപ്പോള്‍ ചാനല്‍ അടച്ചുപൂട്ടണമെന്ന ആവശ്യത്തിലെത്തില്‍ നില്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല