സ്വന്തം ലേഖകന്‍: സൗദിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനും ശമ്പള കുടിശിക ലഭ്യമാക്കാനും ആവശ്യമായ പ്രാഥമിക നടപടികള്‍ നോര്‍ക്ക വകുപ്പ് ആരംഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ സൗദിയില്‍ കഷ്ടപ്പെടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി സഹായം ലഭ്യമാക്കാന്‍ നോര്‍ക്ക റൂട്ട്‌സിന് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
തൊഴില്‍ രഹിതരെ താമസിപ്പിച്ചിട്ടുള്ള ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസി, മലയാളി സംഘടനകള്‍ എന്നിവരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്ക വകുപ്പ്, ന്യൂഡല്‍ഹി റസിഡന്‍സ് കമ്മീഷണര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് അതിന് ആവശ്യമായ സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയയം, സൗദി അറേബ്യയിലെ ക്യാമ്പുകളില്‍ കഴിയുന്ന വ്യക്തികള്‍, ക്യാമ്പ് സന്ദര്‍ശിച്ച മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായി നോര്‍ക്ക വകുപ്പ് സെക്രട്ടറി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ലബനന്‍ വംശജനായ സാദ് ഹരീനി എന്നയാളുടെ ഉടമസ്ഥതയിലുള്ള സൗദി ഓഗര്‍ എന്ന കമ്പനി അടച്ചു പൂട്ടിയതാണ് തൊഴില്‍ നഷ്ടത്തിന് കാരണമായത്. അഞ്ച് ക്യാമ്പുകളിലായി ഏകദേശം 700 ഓളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. ഏകദേശം 25,000 ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ 5,000 ത്തോളം പേര്‍ ഇന്ത്യാക്കാരാണ്.
ഒരു ഇന്ത്യക്കാരന്‍ പോലും സൗദിയില്‍ പട്ടിണി കിടക്കേണ്ടി വരില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വ്യക്തമാക്കി. ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങള്‍ ഉന്നയിച്ച വിഷയത്തില്‍ മറുപടി പറയവേയാണ് സൗദി അറേബ്യയില്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ സുഷമ ഉറപ്പു നല്‍കിയത്.
ഒരാള്‍ പോലും പട്ടിണി ഇരിക്കേണ്ട അവസ്ഥയുണ്ടാകില്ല. പാര്‍ലമെന്റിലൂടെ രാജ്യത്തോടു നല്‍കുന്ന ഉറപ്പാണിത്. എല്ലാവരെയും തിരിച്ച് ഇന്ത്യയില്‍ എത്തിക്കും. ഇന്ത്യന്‍ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി സര്‍ക്കാര്‍ സൗദി അറേബ്യയുടെ വിദേശ മന്ത്രാലയവുമായും തൊഴില്‍ വകുപ്പുമായും നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സഹമന്ത്രി വി.കെ. സിംഗ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സൗദിയിലേക്കു പോയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒപ്പം സൗദി അറേബ്യയില്‍ കുടുങ്ങിയിരിക്കുന്ന മലയാളി തൊഴിലാളികള്‍ക്കു കുടിശികയുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നു സൗദി അധികൃതരില്‍നിന്ന് ഉറപ്പു ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തൊഴിലാളിവിരുദ്ധ നടപടികള്‍ സ്വീകരിച്ച കമ്പനികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഉറപ്പു ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല