1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2022

സ്വന്തം ലേഖകൻ: ബെനാമി കച്ചവടങ്ങൾ നിയമവിധേയമാക്കാൻ സൗദി അനുവദിച്ച സമയം ഫെബ്രുവരി 16ന് അവസാനിക്കും. അതിനുശേഷവും ബെനാമി കച്ചവടം തുടരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ്. അഞ്ചു വർഷം തടവും 50 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബെനാമി ബിസിനസ്.

2013ൽ ജിദ്ദ ഇക്കണോമിക് ഫോറത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ട് അനുസരിച്ച്, ബെനാമി ബിസിനസുകളിൽനിന്നുള്ള 63570 കോടി സൗദി റിയാൽ പത്തു വർഷത്തിനിടെ സൗദിയിൽനിന്നു വിദേശരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അതായത് 12 ലക്ഷം കോടിയിലേറെ രൂപ. ഈ പണമൊഴുക്ക് കണക്കിൽപെട്ടതാക്കാനും നികുതി ഈടാക്കാനുമുള്ള സൗദിയുടെ ശ്രമം നിർണായഘട്ടത്തിലേക്കു കടക്കുകയാണ്.

മലയാളികളടക്കമുള്ള ഒട്ടേറെ പ്രവാസികളുടെ ജീവിതമാർഗം പ്രത്യേക നിയമപരിരക്ഷയൊന്നുമില്ലാത്ത ഇത്തരം ബിസിനസുകളായിരുന്നു. രേഖകൾ പ്രകാരം സ്വദേശിയുടെ പേരിലുള്ള സ്ഥാപനം യഥാർഥത്തിൽ പൂർണമായും മലയാളികളടക്കമുള്ള പ്രവാസികളുടേതാകും. സ്വദേശിക്കു വർഷം തോറും നിശ്ചിത തുക നൽകി, പ്രവാസികൾ കടയുടമകളായി. ഇത്തരത്തിലുള്ള ചെറുകിട പലചരക്ക് സ്ഥാപനങ്ങളും ചായക്കടകളുമെല്ലാം സ്ഥാപിച്ച് ജീവിതം പച്ചപിടിപ്പിച്ചവർ ഒട്ടേറെയുണ്ട്. ഒന്നും രണ്ടും പേർ മാത്രം ജോലി ചെയ്യുന്ന ഇത്തരത്തിലുള്ള വളരെ ചെറിയ കടകളിൽ മുക്കാലും മലയാളികളുടേതാണെന്നാണ് അനൗദ്യോഗിക കണക്ക്.

അതേസമയം, ബെനാമി രീതി അവസാനിപ്പിച്ച് കച്ചവടം നിയമവിധേയമാക്കിയാൽ, ഒട്ടേറെ നേട്ടങ്ങളുമുണ്ട്. അത്തരത്തിൽ ഇതൊരു സുവർണാവസരമാണെന്നു വിലയിരുത്തുന്നവരുമുണ്ട്. പുതിയ അവസരം ഉപയോഗിച്ച് ബെനാമി കച്ചവടം സ്വന്തംപേരിലാക്കാമെന്നാണു പ്രധാന നേട്ടം. നിയമപരമായിതന്നെ കടയുടെ ഉടമസ്ഥാവകാശം വിദേശികൾക്കു കിട്ടും. സാധാരണ സൗദിയിൽ ബിസിനസ് ആരംഭിക്കുന്നതിനേക്കാൾ ലളിതമായ നടപടിക്രമങ്ങളാണുള്ളത് എന്നതാണ് മറ്റൊരു നേട്ടം.

പക്ഷേ, കിട്ടുന്നതെല്ലാം നാട്ടിലേക്കയക്കുന്ന പഴയശീലം ഇനി നടക്കാതെയാകും. കാരണം, കച്ചവടം നിയമവിധേയമാകുന്നതോടെ കാര്യക്ഷമമായി നികുതി പിരിക്കാൻ സൗദി സർക്കാരിന് സാധിക്കും. ലാഭത്തിന്റെ 20 ശതമാനമാണു സൗദിയിൽ നികുതി. അതായത് മിക്ക കച്ചവടക്കാരും ലാഭത്തിന്റെ അഞ്ചിലൊന്ന് ഇനി സൗദിയിൽ നികുതിയടയ്ക്കാൻ നിർബന്ധിതരാകും. സ്വാഭാവികമായും നാട്ടിലേക്കുള്ള പണമൊഴുക്കിനേയും ഇതു ബാധിക്കും. എങ്കിലും ബെനാമി ബിസിനസ് സ്വന്തം പേരിലാക്കാൻ ലഭിച്ച അവസരത്തെ സ്വാഗതം ചെയ്യുന്ന പ്രവാസികളുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.