റിയാദ്: തൊഴില്‍ നിയമങ്ങളും താമസ നിയമങ്ങളും ലംഘിച്ചതിന്റെ പേരില്‍ 300,000 അനധികൃത താമസക്കാരെ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ സൗദി അറേബ്യയില്‍നിന്ന് നാടുകടത്തിയിട്ടുണ്ട്. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. സൗദിയില്‍ നടപ്പാക്കിയ നിതാഖത്തിന്റെ ചുവടപിടിച്ചാണ് ഇപ്പോഴും പരിശോധനകളും നാടുകടത്തലുകളും തുടരുന്നത്. സൗദിയില്‍ പുതിയ ഭരണാധികാരി അധികാരത്തില്‍ എത്തിയതിന് ശേഷം നിതാഖാത്ത് പോലുള്ള കരിനിയമങ്ങളില്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും അനധികൃത താമസക്കാര്‍ക്ക് നേരെ കടുത്ത നടപടികളാണ് കൈക്കൊള്ളുന്നത്. ഓരോ ദിവസം ചെല്ലുന്തോറും സുരക്ഷാ പരിശോധനകളും രേഖകള്‍ പരിശോധിക്കലും സൗദിയില്‍ വര്‍ദ്ധിച്ചു വരികയാണ്.
ഓരോ ദിവസവും 2000 അനധികൃത തൊഴിലാളികളെ വീതം സൗദി അറേബ്യയില്‍നിന്ന് നാടു കടത്തുന്നുണ്ടെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ശനമായ പരിശോധനകള്‍ നടത്തുന്നതിന്റെ ഫലമായിട്ടാണ് ഇത്രയധികം തൊഴിലാളികള്‍ പിടിയിലാകുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് മറ്റു മാര്‍ഗങ്ങളില്ലാതെ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്.
ബോര്‍ഡര്‍ ഗാര്‍ഡ് പട്രോള്‍ ഇതുവരെയായി 900,000 അനധികൃത തൊഴിലാളികളെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയിട്ടുണ്ട്. ഇതില്‍ 84 ശതമാനം ആളുകളും വന്നത് ദക്ഷിണദിക്കിലെ അതിര്‍ത്തിയില്‍നിന്നാണ്. നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് കാത്ത് 15,769 ആളുകള്‍ ഇപ്പോള്‍ സൗദിയിലുണ്ട്.
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തബൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1500 അനധകൃത തൊഴിലാളികളെ പിടികൂടിയിട്ടുണ്ട്. തബൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശിയരുടെ രേഖകള്‍ പരിശോധിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് തബൂക്ക് പൊലീസ് വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല