സ്വന്തം ലേഖകൻ: സൗദിയില്‍ ഭിന്നശേഷിക്കാരായ വിമാന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കമ്പനികള്‍ക്ക് നല്‍കിയത്. ഇവര്‍ക്കാവശ്യമായ സേവനങ്ങള്‍ സൗജന്യമായി ഒരുക്കുവാനും കമ്പനികളോട് ഏവിയേഷന്‍ അതോറിറ്റി നിര്‍ദ്ദേശിച്ചു.
ഭിന്ന ശേഷിക്കാര്‍ക്കും വികലാംഗര്‍ക്കും ആവശ്യമായ പ്രത്യേക സേവനങ്ങളും പരിചരണങ്ങളും നല്‍കുന്നതിനാണ് വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം സേവനങ്ങള്‍ക്ക് യാത്രക്കാരില്‍ നിന്നും അധിക ഫീസോ നിരക്ക് വര്‍ധനവോ ഈടാക്കാന്‍ പാടില്ലെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഭിന്ന ശേഷിക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് കമ്പനികള്‍ ബാധ്യസ്ഥമാണ്.
അംഗവൈകല്യമുള്ളവരുടെ ഊന്നു വടികള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ സൂക്ഷിക്കുന്നതിന് വിമാന ജീവനക്കാരോട് ആവശ്യപ്പെടാനും അവകാശം നല്‍കുന്നതാണ് ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇത്തരം യാത്രക്കാരെ വിമാനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കാനും വിമാന കമ്പനികള്‍ ബാധ്യസ്ഥരായിരിക്കും.
ടെര്‍മിനലിന്റെ കവാടത്തില്‍ നിന്ന് യാത്ര പുറപ്പെടുന്നത് വരെയും ഇറങ്ങുമ്പോള്‍ ടെര്‍മിനലിന് പുറത്തേക്ക് എത്തുന്നത് വരെയും കമ്പനികളുടെ സഹായം ലഭ്യമാക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ കാലതാമസം കൂടാതെ അടുത്ത യാത്രക്കുള്ള ഒരുക്കങ്ങളും കമ്പനികള്‍ ഉറപ്പ് വരുത്തണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല