സ്വന്തം ലേഖകന്‍: കന്നി സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി ബിന്‍ സല്മാന് പാകിസ്താനില്‍; നാളെ ഇന്ത്യയിലെത്തും. തന്റെ കന്നി സന്ദര്‍ശനത്തിന് പാക്കിസ്ഥാനിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഊഷ്മളമായ സ്വീകരണം. കശ്മീര്‍ പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പാക്ക് സന്ദര്‍ശനം മാറ്റിവയ്ക്കുമെന്നു അഭ്യൂഹം പരന്നിരുന്നുവെങ്കിലും ഒരു ദിവസം വൈകി ഇന്നലെ അദ്ദേഹം പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വിമാനമിറങ്ങി.
നാളെ ഇന്ത്യ സന്ദര്‍ശിക്കും. സല്മാന് രാജകുമാരനുമായെത്തിയ സൗദി വിമാനം പാക്ക് വ്യോമാതിര്‍ത്തി കടന്നതോടെ പാക്ക് യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചു. അദ്ദേഹത്തെ വരവേല്‍ക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്ഖാന്, മന്ത്രിസഭാംഗങ്ങള്‍, സൈനിക മേധാവിമാര്‍ തുടങ്ങിയവര്‍ റാവല്‍പിണ്ടി വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍ന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സൗദി കിരീടാവകാശിയെ ഇമ്രാന്ഖാന് തന്നെയാണു കാറോടിച്ചു കൊണ്ടുപോയത്.
പാകിസ്താന് സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നാളെ ഇന്ത്യയിലെത്തും. നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ച നാളെ നടക്കും. വിവിധ മേഖലകളിലെ ധാരണാ പത്രങ്ങളും തയ്യാറായെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചിരുന്നു. സംഭവ ശേഷമാണ് ബിന്‍ സല്മാന് ഇന്ത്യയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അടിസ്ഥാന സൗകര്യമേഖലകളിലേക്കുള്ള സൗദിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപ പദ്ധതികള്‍ക്കായി വ്യവസായികളുടെ 40 അംഗ സംഘം കൂടെയുണ്ട്. വിവിധ ധാരണാപത്രങ്ങള്‍ ഇരുരാജ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യക്ക് ശേഷം ചൈനയും സന്ദര്‍ശിച്ചാണ് സൗദി കിരീടാവകാശി മടങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല