അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില നാള്‍ക്കുനാള്‍ താഴേക്കു വരുമ്പോള്‍ സൗദി അറേബ്യ ആശങ്കയിലാണ്. ദേശീയ വരുമാനത്തിന്റെ 90% സംഭാവന ചെയ്യുന്ന എണ്ണ വ്യവസായത്തെ ആശ്രയിച്ചാണ് സൗദി അറേബ്യ എന്ന രാഷ്ട്രത്തിന്റെ നിലനില്‍പ്പു തന്നെ എന്നതിനാലാണിത്.
കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് ആഗോള എണ്ണ വില പകുതിയായി കുത്തനെ ഇടിഞ്ഞിരുന്നു. ആറു മാസം മുമ്പ് ഒരു ബാരല്‍ എണ്ണയുടെ വില 100 ഡോളറായിരുന്നെങ്കില്‍ ഇന്നത് വില്‍ക്കുന്നത് 50 ഡോളറിനും താഴെ വിലക്കാണ്.
എണ്ണ വില്‍പ്പനയില്‍ നിന്നുള്ള വന്‍ ലാഭം മുന്നില്‍ കണ്ടാണ് സൗദി സര്‍ക്കാര്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ മാസം അന്തരിച്ച അബ്ദുള്ള രാജാവ് കോടിക്കണക്കിനു ഡോളറാണ്, സര്‍വ്വകലാശാലകള്‍, റോഡ്, റയില്‍, തുറമുഖ, നഗര നിര്‍മ്മാണ പദ്ധതികളിലായി മുടക്കിയത്.
ഇതില്‍ റിയാദിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍ സംവിധാനം ഉള്‍പ്പടെ മിക്കവാറും പദ്ധതികള്‍ പാതി വഴിയിലാണ്. എണ്ണ വില്‍പ്പനയെ അമിതമായി ആശ്രയിക്കുന്ന പ്രവണതയില്‍ മാറ്റം ഉണ്ടാക്കുവാന്‍ സമയമായി എന്ന പലകോണുകളില്‍ നിന്നും മുന്നറിയിപ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും സര്‍ക്കാര്‍ ജോലിയെ മാത്രം ആശ്രയിക്കുന്നതും മറ്റൊരു പ്രശ്‌നമാണ്.
എന്നാല്‍ എണ്ണവിലയിടിവ് സൗദിയെ കാര്യമായി ബാധിക്കില്ലെന്നും നിലവിലെ കരുതല്‍ ധന ശേഖരമുപയോഗിച്ച് അടുത്ത 7, 8 വര്‍ഷത്തേക്കു സര്‍ക്കാരിന് തങ്ങളുടെ വികസന പദ്ധതികള്‍ വെട്ടിച്ചുരുക്കാതെ മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ സാമ്പത്തിക വിദഗ്ദരുടെ നിലപാട്. എണ്ണയുത്പാദക, വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ ഏറ്റവും വലിയ ഉത്പാദാവാണ് സൗദി അറേബ്യ. ലോകത്തിനാവശ്യമുള്ള എണ്ണയുടെ 40 ശതമാനവും വരുന്നത് സൗദിയുടെ വിശാലമായ മരുഭൂമിയില്‍ നിന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല