സ്വന്തം ലേഖകന്‍: സൗദിയില്‍ മൊബൈല്‍ റീചാര്‍ജിന് ഇഖാമ നമ്പര്‍ വേണമെന്ന നിബന്ധനയില്‍ ഇളവ്. പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് വ്യവസ്ഥകളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ (സി.ഐ.ടി.സി) ഇളവ് വരുത്തിയതോടെയാണിത്. തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കണമെന്ന വ്യവസ്ഥയാണ് റദ്ദാക്കുന്നത്.
മുഴുവന്‍ സിം കാര്‍ഡുകളും വിരലടയാളവുമായി ബന്ധിപ്പിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ പുതിയ നീക്കം. റീചാര്‍ജിന് ഇഖാമ നമ്പര്‍ വേണമെന്ന വര്‍ഷങ്ങളായി നിലവിലുള്ള നിബന്ധന അടുത്ത മാസം 15 മുതല്‍ ഒഴിവാക്കും. ഇക്കാര്യം സി.ഐ.ടി.സി രാജ്യത്തെ ടെലികോം കമ്പനികളെ അറിയിച്ചിട്ടുണ്ട്. 2012 മുതലാണ് മൊബൈല്‍ ഫോണ്‍ റീചാര്‍ജിന് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാക്കിയത്.
സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത അതേ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പറാണ് റീചാര്‍ജിന് നല്‍കേണ്ടത്. മറ്റുള്ളവരുടെ പേരില്‍ സംഘടിപ്പിക്കുന്ന മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിബന്ധന നടപ്പാക്കിയത്. എന്നാല്‍ ഇത് മറികടക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകള്‍ സഹിതം സിം കാര്‍ഡുകള്‍ വില്‍പന നടത്തുന്ന പ്രവണതയും വ്യാപകമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല