
സ്വന്തം ലേഖകൻ: ജി20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത് സൗദിക്കാണെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ. കോവിഡിനും എണ്ണ പ്രതിസന്ധികൾക്കും ശേഷം രാജ്യത്തിന്റെ വളർച്ചാ നിരക്ക് സ്ഥിരത കൈവരിച്ച നിലയിലാണ്.
തൊഴിൽ മേഖലയിലെ വനിതാ പ്രാതിനിധ്യം ഈ വർഷത്തിൽ 6 ശതമാനമായി ഉയർന്നു. സൗദി അറേബ്യ നടപ്പു സാമ്പത്തിക വർഷത്തിൽ 5.8 ശതമാനം വളർച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ സാമ്പത്തിക ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു ധനകാര്യ മന്ത്രി.
അതിനിടെ നാലു വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിച്ചപ്പോൾ ഇന്ത്യയും സൗദിയും ഒപ്പു വെച്ച നയതന്ത്ര മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തമായി. അതിപ്രധാന പ്രതിരോധ മേഖലകളിൽ സംയുക്ത സമിതി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി സൗദിയിലെ കിങ് ഫഹദ് നേവൽ അക്കാദമിയിൽ നിന്നുള്ള 55 കാഡറ്റുകൾ പരിശീലനത്തിനായി കൊച്ചിയിൽ വ്യോമസേന ആസ്ഥാനത്തെത്തി. 55 ട്രെയിനികളും അഞ്ച് ഇൻസ്ട്രക്ഷണൽ സ്റ്റാഫും ഉൾപ്പെടുന്ന സൗദി സംഘം കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. 24 ദിവസത്തെ പരിശീലനമാണ് ഇവർക്ക് വേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ദക്ഷിണമേഖല നാവിക കമാൻഡർ അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിലുള്ള സംയുക്ത പരിശീലനം രാജ്യങ്ങളുടെ പരസ്പര സഹകരണത്തിലെ മികച്ച മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല