മദ്യക്കുപ്പികളുമായി സൗദി അറേബ്യയില്‍ പിടിയിലായതിന് ജയില്‍ ശിക്ഷ അനുഭവിച്ച ഓസ്‌ട്രേലിയക്കാരന്‍ പീറ്റര്‍ മട്ടി ഓസ്‌ട്രേലിയന്‍ എംബസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറക്കിയ പീറ്റര്‍ മട്ടിക്ക് ഇപ്പോള്‍ ജോലി ചെയ്യാനോ രാജ്യം വിട്ടു പുറത്തു പോകാനോ പറ്റാത്ത സാഹചര്യമാണ്. സൗദി അറേബ്യ ഇയാള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സിഡ്‌നി ഇന്നര്‍ വെസ്റ്റിലുള്ള റോസ്‌ബെറിയില്‍നിന്നുള്ള എന്‍ജിനിയറായ പീറ്റര്‍ പറയുന്നത് ഓസ്‌ട്രേലിയന്‍ എംബസി തന്റെ കാര്യം ഗൗരവമായി പരിഗണിച്ചില്ലെന്നാണ്. മദ്യം ഉപയോഗിച്ചതിലൂടെ താന്‍ തെറ്റു ചെയ്തതായി ഇയാള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത്‌നിന്നും പുറത്തു പോകാന്‍ അനുവദിക്കാതെ തന്നെ പീഡിപ്പിക്കുന്നതിസാണ് പീറ്റര്‍ക്ക് സങ്കടം.
സമാനമായ കുറ്റം ചെയ്തവരെ സാധാരണയായി നാടു കടത്താറാണ് പതിവ് എന്നാല്‍ തന്റെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സൗദി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പീറ്റര്‍ പറയുന്നു. 28 ചാട്ടവാര്‍ അടിയും ആറു മാസത്തെ തടവു ശിക്ഷയുമായിരുന്നു പീറ്റര്‍ക്ക് ലഭിച്ചത്. ഒക്ടോബര്‍ 19ന് ജയിലില്‍ അടയ്ക്കപ്പെട്ട പീറ്റര്‍ പുറത്തിറങ്ങുന്നത് മാര്‍ച്ച് 19നാണ്. രണ്ട് കൊലപാതകികള്‍ക്കും ബലാത്സംഗക്കാര്‍ക്കും മോഷ്ടാക്കള്‍ക്കുമൊപ്പമാണ് പീറ്റര്‍ ജയില്‍ പങ്കിട്ടത്. പീറ്റര്‍ക്ക് ട്രാവല്‍ ബാന്‍ ഏര്‍പ്പെടുത്തിയത് ഏതു ഡിപ്പാര്‍ട്ട്‌മെന്റാണെന്ന കാര്യം പോലും അറിയില്ലെന്ന് പീറ്റര്‍ പറയുന്നു. ഇത് കണ്ടെത്താന്‍ പോലും ഓസ്‌ട്രേലിയന്‍ എംബസി സഹായിച്ചില്ലെന്നും പീറ്റര്‍ പറയുന്നു.
ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് രണ്ട് മദ്യക്കുപ്പികളുമായി പോകുമ്പോഴായിരുന്നു പീറ്ററിനെ പൊലീസ് പിടിച്ചത്. വീട്ടില്‍ ഉണ്ടാക്കിയ ബിയറും, റെഡ് വൈനുമായിരുന്നു ഇയാളുടെ കാറില്‍നിന്ന് പൊലീസ് പിടിച്ചെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല